അരിഷ്ടാസവങ്ങളുടെ ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു

* ഇനി മൂന്നു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി തൃശൂർ: ആയുർവേദ അരിഷ്ടാസവങ്ങളുടെ മൊത്ത -ചില്ലറ വിതരണത്തിന് ആവശ്യമായ ലൈസൻസുകൾ ഇനി മൂന്നു വർഷം കൂടുമ്പോൾ പുതുക്കിയാൽ മതി. ഇതു സംബന്ധിച്ച് സംസ്ഥാന നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ വർഷംതോറും ലൈസൻസ് പുതുക്കണമായിരുന്നു. സങ്കീർണമാണ് ലൈസൻസ് പുതുക്കുന്ന നടപടിക്രമങ്ങൾ. ഈ സാഹചര്യത്തിൽ ലൈസൻസ് കാലാവധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്​ ആയുർവേദ മരുന്ന് നിർമാതാക്കൾ നിരവധി തവണ സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. ആയുർവേദ മേഖലയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെ ആയുർവേദ നിർമാതാക്കൾ വീണ്ടും ഇക്കാര്യം സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. തീരുമാനം ആയുർവേദ മേഖലയുടെ ഉണർവിന് കാരണമാകുമെന്ന ആയുർവേദ മരുന്ന് നിർമാതാക്കളുടെ സംഘടന ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു. ഇതോടൊപ്പം അംഗീകൃത വ്യാപാരികൾക്ക് നൽകുന്ന ലൈസൻസ് വിവിധ ജില്ലകളുടെ ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്ന മാനേജർമാർക്കുകൂടി ലഭിക്കുന്ന വിധത്തിൽ നിയമം പരിഷ്കരിക്കണമെന്നും നിലവിലുള്ള ബ്രാഞ്ചുകൾ എന്തെങ്കിലും കാരണത്താൽ പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ലൈസൻസുകൾ പുതിയ വിലാസത്തിലേക്ക് മാറ്റി ഭേദഗതികളോടെ പുതുക്കാനുള്ള അവസരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.