ലൈറ്റ് സെറ്റുകൾ പൊട്ടിത്തെറിച്ചു; മാറ്റി നൽകാൻ വിധി

തൃശൂർ: ലൈറ്റ് സെറ്റുകൾ തകരാറിലായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ ശോഭ കിഡ്സ് കെമ്പ്​ മാനേജിങ് പാർട്​ണർ പി.എ. നൗഷാദ് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ ആഷാ ലെവിൻ ലൈറ്റിങ്​ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ്​ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ വിധി. 73,850.47 രൂപ നൽകിയാണ് ലൈറ്റുകൾ വാങ്ങിയത്​. ലൈറ്റുകൾക്ക് അഞ്ച് വർഷം വാറണ്ടി നൽകിയിരുന്നു. സ്ഥാപനം തന്നെയാണ്​ ലൈറ്റുകൾ ഘടിപ്പിച്ചത്​. ലൈറ്റ് ഓൺ ചെയ്ത് കുറച്ച്​ കഴിയുമ്പോൾ പുകഞ്ഞ് പൊട്ടിത്തെറിക്കുന്ന അവസ്ഥയായിരുന്നു. ഏത്​ സമയത്തും സുരക്ഷാ പ്രശ്നം ഉണ്ടാകാമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്​. കമീഷൻ നിയോഗിച്ച വിദഗ്​ധൻ പരിശോധിച്ച്​ റിപ്പോർട്ടിൽ തകരാറുകൾ സ്ഥിരീകരിച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ്​ സി.ടി. സാബു, മെംബർമാരായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്​. ശ്രീജ എന്നിവരടങ്ങിയ കമീഷൻ തകരാറുള്ള സാധനങ്ങൾ മാറ്റി ഗുണനിലവാരമുള്ള പകരം സാധനങ്ങൾ നൽകാനും ചെലവിലേക്ക് 5000 രൂപ നൽകാനും വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.