സിനിമ തിയറ്ററുകൾ തുറക്കാൻ തടസ്സം നിർമാതാക്കളും ഉടമകളും തമ്മിലെ തർക്കം

-പി.പി. പ്രശാന്ത്​ തൃശൂർ: സിനിമ തിയറ്റർ തുറക്കുന്നത്​ സംബന്ധിച്ച തർക്കം അനിശ്ചിതമാക്കുന്നത്​ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലെ തർക്കം. പുതിയ സിനിമകൾ തിയറ്ററുകളിലെ ഡിജിറ്റൽ വിതരണ ശൃംഖലയായ യു.എഫ്​.ഒ ക്യൂബ്​ സംവിധാനം മാറ്റി നിർമാതാക്കളുടെ സംഘടന കണ്ടെത്തിയ കണ്ടൻറ്​ മാസ്​റ്ററിങ് അഥവ കണ്ടൻറ്​ പ്രൊസസിങ്​ സംവിധാനത്തിലേക്ക്​ കൊണ്ടുവരാൻ നിർദേശിച്ചതാണ്​ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്​. യു.എഫ്​.ഒ സംവിധാനം വഴിയുള്ള സിനിമ പ്രദർശനത്തിന്​ ഒരാഴ്​ച 28,000 രൂപ ഒരു സ്​ക്രീനിലേക്കായി നിർമാതാവ്​ യു.എഫ്​.ഒക്ക്​ കൊടുക്കണമെന്നുണ്ട്​. ഇനി മുതൽ ഈ തുക നൽകാനാവില്ലെന്ന്​ തിയറ്റർ ഉടമകളെ അറിയിച്ചതായി സിനിമ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ വൈസ്​ പ്രസിഡൻറ്​ ശശി കല്ലിയൂർ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇതോടെ പുതു സിനിമകൾ തിയറ്റകളിലെത്താനുള്ള സാധ്യത അടയുമെന്നാണ്​ ആശങ്ക. അതിനൂതന സാ​ങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റ്​ലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സിനിമ വിതരണ ശൃംഖലയാണ്​ യു.എഫ്​.ഒ. ഡിജിറ്റൽ സംവിധാനത്തിലേക്ക്​ മാറിയ തിയറ്ററുകളിൽ ഭൂരിഭാഗവും യു.എഫ്​.ഒ കമ്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്​. ഇതേ തുടർന്ന്​ സാറ്റ്​ലൈറ്റ്​ അധിഷ്​ഠിത പ്രൊജക്​ടർ സംവിധാനമുൾപ്പെടെയാണ്​ തിയറ്ററുകളിൽ സജ്ജീകരിച്ചിട്ടുള്ളത​്​. നിർമാതാക്കളുടെ തീരുമാനം അംഗീകരിക്കേണ്ടി വന്നാൽ പുതിയ പ്രൊജക്​ർ തിയറ്ററിൽ ഒരുക്കേണ്ട ബാധ്യത​ ഉടമകൾക്ക്​ വന്നുചേരും. അതോടൊപ്പം യു.എഫ്​.ഒയുമായുണ്ടാക്കിയ കരാർ റദ്ദാക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ ഒരുതരത്തിലും വിട്ടുവീഴ്​ചക്കില്ലെന്ന നിലപാടിലാണ്​ നിർമാതാക്കളുടെ സംഘടന. 85 ലക്ഷം രൂപയോളം ചെലവിട്ട്​ കണ്ടൻറ്​ പ്രൊസസിങ്​ സംവിധാനം കൊണ്ടുവരാനുള്ള പ്രവൃത്തി ഏറെക്കുറെ പൂർ​ത്തിയായി. ഇതിൽ പകുതി തുക പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷനും പകുതി നിർമാണ കമ്പനിയും വഹിച്ചിട്ടുണ്ട്​. പുതുസംവിധാനം വഴി 5500 രൂപ​ സിനിമയുടെ ഒരു പ്രദർശനത്തിന്​ തിയറ്റർ ഉടമകൾ നൽകേണ്ടിവരും. ഇതിൽ 3500 രൂപ നിർമാണ കമ്പനിക്കും 2000 രൂപ അസോസിയേഷനും നൽകാമെന്നാണ്​ ധാരണ. ഇതിനകം പുതുസംവിധാനം വഴി 15 സിനിമകൾ സെൻസറിങ്ങിന്​ കൊടുത്തതായും നിർമാതാക്കളുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. ഇതിനായി തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ അത്യാധുനിക പ്രൊജക്​ടർ സ്ഥാപിച്ചുകഴിഞ്ഞു. അതേസമയം, യു.എഫ്​.ഒ പ്രതിസന്ധി ഉൾപ്പെടെ സിനിമ തിയറ്റർ തുറക്കുന്നത്​ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്​ച തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്​ യോഗം ചേരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.