ഒല്ലൂര്‍: പ്രമുഖ ആയുർവേദ ചികിത്സകനും വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് (87) നിര്യാതനായി. ബുധനാഴ്ച രാത്രി എട്ടരയോടെ തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പെരുവനം ഗ്രാമത്തിലെ പ്രശസ്ത അഷ്ടവൈദ്യ കുടുംബമായ ഒല്ലൂർ തൈക്കാട്ടുശേരി എളേടത്ത് തൈക്കാട്ടു മനയിൽ 1933 സെപ്റ്റംബർ 15ന് ഇ.ടി. നീലകണ്ഠൻ മൂസിൻെറയും കുട്ടഞ്ചേരി ഇല്ലത്തെ ദേവകി അന്തർജനത്തിൻെറയും മകനായാണ് ജനനം. 1941ൽ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് ഇ.ടി. നാരായണൻ മൂസിന് എട്ടു വയസ്സായിരുന്നു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി 'വൈദ്യരത്ന' ബഹുമതി നല്‍കി ആദരിച്ചിരുന്നു. അച്ഛന്‍ ഇ.ടി. നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. ഇതിന് തുടർച്ചയെന്ന പോലെ 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു. വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജിൻെറയും ഒൗഷധശാലയുടെയും നഴ്സിങ് ഹോമിൻെറയും ഗവേഷണകേന്ദ്രത്തിൻെറയുമെല്ലാം സാരഥിയായിരുന്നു. ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളജ്, നഴ്സിങ് കോളജ്, മൂന്ന് ഔഷധ നിര്‍മാണശാലകൾ, ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനാണ്. 1997ൽ പ്രധാനമന്ത്രി വാജ്പേയിൽനിന്ന് ആയുർവേദത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശി പുരസ്കാരം, വിശിഷ്ടസേവനത്തെ ആധാരമാക്കി അക്ഷയപുരസ്കാരം, കേന്ദ്രസർക്കാറിൻെറ ദേശീയ ആയുർവേദ വിദ്യാപീഠത്തിൻെറ ചികിത്സാഗുരു, സംസ്ഥാനസർക്കാറിൻെറ ആചാര്യശ്രേഷ്ഠ തുടങ്ങിയ ബഹുമതികളും ലഭിച്ചു. ഭാര്യ: വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനം. മക്കൾ: ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഇ.ടി. പരമേശ്വരൻ മൂസ്, ഇ.ടി. ഷൈലജ (മൂന്നുപേരും വൈദ്യരത്നം ഡയറക്ടർമാർ). മരുമക്കൾ: ഹേമ, മിനി, ഭവദാസൻ നമ്പൂതിരി. പടം: tcg narayanan moose ഇ.ടി. നാരായണൻ മൂസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.