ചെറുതുരുത്തി: 86ന്‍റെ നിറവിൽ ശ്രീരാമനായി കളിവിളക്കിനു മുന്നിൽ നിറഞ്ഞാടി കലാമണ്ഡലം ഗോപി. രാമായണ മാസാചരണത്തിന്‍റെ സമാപന ദിവസം 'പട്ടാഭിഷേക'ത്തിനു സാക്ഷ്യം വഹിക്കാൻ ദേശീയ കഥകളി ഉത്സവത്തിൽ കഥകളി കമ്പക്കാരുടെ പ്രവാഹം. ചെറുതുരുത്തി കഥകളി സ്കൂളിൽ നാലു ദിവസമായി നടന്നുവരുന്ന ദേശീയ കഥകളി ഉത്സവത്തിന്‍റെ സമാപനത്തിലായിരുന്നു പട്ടാഭിഷേകം അരങ്ങേറിയത്. പട്ടാഭിഷേക വേളയില്‍ പച്ച, കത്തി, മിനുക്ക്, ചുവന്നതാടി, കരി തുടങ്ങി കഥകളിയിലെ വ്യത്യസ്തത പുലര്‍ത്തിയ 14 കഥകളി വേഷങ്ങള്‍ ഒരേസമയം അരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ശ്രീരാമ പട്ടാഭിഷേകം കഥയുടെ പ്രധാന സവിശേഷത. കഥകളിയിലെ പ്രഗല്ഭരും പ്രശസ്തരുമായ കലാകാരന്മാരാണ് അരങ്ങില്‍ വേഷമണിഞ്ഞത്. കലാമണ്ഡലം ഉദയകുമാർ ഹനുമാനായും കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം മുകുന്ദൻ, കലാമണ്ഡലം നീരജ്, കലാമണ്ഡലം വിപിൻ, കലാമണ്ഡലം പ്രവീൺ, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വിവേക്, കലാമണ്ഡലം അരുൺ കുമാർ, ശ്രീകാന്ത് അവനവ് എന്നിവർ അരങ്ങിൽ നിറഞ്ഞുനിന്നു. സ്വരമാധുരികൊണ്ട് കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം അജേഷ് പ്രഭാകർ, കലാമണ്ഡലം വിശ്വാസ് എന്നിവർ അരങ്ങിലെ വേഷങ്ങൾക്ക് കൊഴുപ്പേകി. ചെണ്ടയിൽ കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം സുധീഷ്, മദ്ദളത്തിൽ കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം സുധീഷ് എന്നിവർ ശബ്ദഭാവങ്ങൾ പകർന്നു. കലാമണ്ഡലം മുരളി, കലാമണ്ഡലം രാജേഷ്, കലാമണ്ഡലം വൈശാഖ്, സദനം വിവേക് എന്നിവർ ചുട്ടിയിലും വേഷപ്പകർച്ച നൽകി. നാല് ദിവസമായി നടന്ന ദേശീയ കഥകളി മഹോത്സവത്തിൽ മുന്നൂറിൽ പരം കലാകാരന്മാർ പങ്കെടുത്തു. ദേശീയ കഥകളി ഉത്സവത്തിൽ നാലു നാളും കഥകളിയുടെ വ്യാകരണം മനഃപാഠമാക്കിയ ആസ്വാദകരുടെ നിറഞ്ഞ സദസ്സായിരുന്നു. കോവിഡിനു ശേഷം സംസ്ഥാനത്ത് അരങ്ങേറിയ കഥകളി ഉത്സവം ഏറെ ഹൃദ്യമായത് വിദേശി ആസ്വാദകർക്കാണ്. കലാമണ്ഡലം ഗോപിയുടെ ചൊല്ലിയാട്ടത്തോടെ ആഗസ്റ്റ് 13നായിരുന്നു തുടക്കം. കാലകേയവധം, നളചരിതം നാലാം ദിവസം, ധന്വന്തരി മാഹാത്മ്യം എന്നീ കഥകൾ ഉത്സവത്തെ സമ്പന്നമാക്കി. നൂറിലധികം കലാകാരന്മാരാണ് ഉത്സവത്തിൽ പങ്കാളിയായത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ഐ.സി.സി.ആർ അധ്യക്ഷൻ ഡോ. വിനയ് സഹസ്ര ബുദ്ദേ പങ്കെടുത്തിരുന്നു. ചിത്രം:TCTC Ty 686 ശ്രീരാമനായി കളിവിളക്കിനു മുന്നിൽ നിറഞ്ഞാടുന്ന കലാമണ്ഡലം ഗോപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.