കുഴിയടക്കൽ പരമാവധി പൂർത്തിയായി: കരാർ കമ്പനിയെ ഒഴിവാക്കി

കലക്ടർക്ക് ദേശീയപാത അതോറിറ്റിയുടെ മറുപടി തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടക്കൽ പരമാവധി പൂര്‍ത്തിയാക്കിയതായും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ കരാറില്‍ നിന്നൊഴിവാക്കിയെന്നും ദേശീയപാത അതോറിറ്റി തൃശൂർ കലക്ടർ ഹരിത വി. കുമാറിനെ അറിയിച്ചു. കലക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യങ്ങൾ അറിയിച്ചത്. ദേശീയപാത അതോറിറ്റിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ കുഴിയടക്കലിന്‍റെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിന് കലക്ടർ നിർദേശം നൽകി. ഹൈകോടതി നിർദേശപ്രകാരം 48 മണിക്കൂറിനകം അറ്റകുറ്റപണി പൂർത്തിയാക്കാൻ കർശന താക്കീത് നൽകിയിരുന്നു. പിന്നാലെ പ്രവൃത്തികൾ തുടങ്ങിയെങ്കിലും അശാസ്ത്രീയവും കൃത്യതയില്ലാത്തതുമാണ്​ പ്രവൃത്തികളെന്ന് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് കലക്ടർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകുകയും ദേശീയപാത അതോറിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ഗുരുതരമായ വീഴ്ച വരുത്തിയെന്നും അഴിമതി നടത്തിയെന്നും സി.ബി.ഐയുടെ കുറ്റപത്രം കൂടിയായതോടെയാണ് അറ്റകുറ്റപണികളിൽനിന്ന്​ നീക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്​. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപണികൾക്കായി പുതിയ ടെൻഡർ വിളിച്ചുവെന്നും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽനിന്ന്​ 75 കോടിയും പിഴയും ഈടാക്കുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.