മാനദണ്ഡങ്ങൾ അട്ടിമറിച്ച് മൂന്നിരട്ടി തുക പിരിക്കുന്നു തൃശൂർ: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾപിരിവിൽ നടക്കുന്നത് വൻ അട്ടിമറി. സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് മൂന്നിരട്ടിയിലധികം തുകയാണ് പിരിച്ചെടുക്കുന്നത്. ടോൾ തുക നിശ്ചയിക്കാനുള്ള മൊത്തവില സൂചിക തിരുത്തിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 2011 ജൂണിൽ പുറത്തിറക്കിയ ഗസറ്റഡ് വിജ്ഞാപന പ്രകാരം സാമ്പത്തിക കാര്യ മന്ത്രാലയം പുറത്തിറക്കുന്ന മൊത്ത വില സൂചികയാണ് (ഡബ്ല്യു.പി.ഐ ) രാജ്യത്ത് ടോൾ പിരിക്കാനുള്ള മാനദണ്ഡം. അടിസ്ഥാന ഫീസ് നിരക്കിനെ മൊത്തവില സൂചികകൊണ്ടും ആകെ ദൂരംകൊണ്ടും ഗുണിച്ചാണ് ടോൾ നിശ്ചയിക്കേണ്ടത്. ഇത് തിരുത്തിയാണ് നിലവിൽ ദേശീയപാത അതോറിറ്റി പാലിയേക്കരയിൽ ടോൾ നിശ്ചയിച്ചിരിക്കുന്നത്. 64.94 കിലോമീറ്റർ ദൂരത്തിനാണ് ടോൾ പിരിക്കുന്നത്. കാറിന് കണക്കുപ്രകാരം 25 രൂപയാണ് പിരിക്കാനാവുക. എന്നാൽ ഇപ്പോൾ ഈടാക്കുന്നത് 80 രൂപയാണ്. മൊത്തവില സൂചിക 129ന് പകരം 359 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. മൾട്ടി ആക്‌സിൽ വാഹനങ്ങളിൽനിന്ന് 144.45 രൂപക്ക് പകരം 445 രൂപയും ഈടാക്കുന്നു. നഷ്ടത്തിലായതിനാൽ മൊത്തവില സൂചിക തിരുത്തിയെന്നാണ് അധികൃതരുടെ സ്വകാര്യ വിശദീകരണം. ടോൾ പിരിവ് ആരംഭിച്ച് 125 മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ ബാക്കിയുണ്ടെന്ന് ദേശീയപാത അതോറിറ്റി രേഖമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ പഞ്ച് ലിസ്റ്റിൽ പറഞ്ഞിരുന്ന പ്രവൃത്തികൾ ബാക്കിയാണ്. ചാലക്കുടി അടിപ്പാത 24 ശതമാനം മാത്രമാണ് തീർന്നിട്ടുള്ളത്. പുതുക്കാട് അടിപ്പാതയുടെയും അനുബന്ധ സർവിസ് റോഡ്, ഡ്രൈനേജുകൾ തുടങ്ങിയവയുടെയും നിർമാണം തുടങ്ങിയിട്ടില്ലെന്നും ഇത് ഭാരത് മാല പരിയോജന പദ്ധതി പ്രകാരമുള്ള ആറുവരി പാത വരുമ്പോൾ മാത്രമേ ചെയ്യുകയുള്ളൂവെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. ഇതിന് പുറമെ ഡ്രൈനേജുകൾ, കൾവർട്ട് എന്നിവയും ടോൾ പ്ലാസയിലെ ചില പ്രവൃത്തികളും, ഹൈ ട്രാഫിക് മാനേജ്‍മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവൃത്തികളും തീർന്നിട്ടില്ല. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാക്കിയിട്ടില്ലെങ്കിലും വർഷാവർഷം സെപ്റ്റംബർ മാസത്തിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നുണ്ട്. നിർമാണത്തിൽ 721 കോടി ചെലവിട്ടുവെന്ന് അവകാശപ്പെടുന്ന ദേശീയപാതയിൽ 2012 ഫെബ്രുവരിയിലാണ് ടോൾ പിരിവ് തുടങ്ങിയത്. ഇതിനകം ആയിരം കോടിയിലധികം രൂപ പിരിച്ചെടുത്തതായി വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 30 ലക്ഷത്തിലധികം രൂപ ടോൾ പിരിക്കുന്നുണ്ടെന്നാണ് കണക്ക്. അടുത്ത നിരക്ക് വർധന രണ്ടാഴ്ചക്കു ശേഷം പ്രാബല്യത്തിൽ വരും. -----------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.