ദേശീയപാതയിലെ കുഴിയടക്കല്‍: കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ ശിപാര്‍ശ ചെയ്യും -കലക്ടര്‍

ആമ്പല്ലൂര്‍: ദേശീയപാതയിലെ കുഴിയടക്കല്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ടോള്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ ദേശീയപാത അതോറിറ്റിക്ക് ശിപാര്‍ശ ചെയ്യുമെന്ന് ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ പരിശോധിക്കാനെത്തിയതായിരുന്നു കലക്ടര്‍. നേരത്തെ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി പരിശോധിച്ചതില്‍ കുഴിയടക്കുന്നതിൽ അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കലക്ടറുടെ പ്രതികരണം. പരിശോധന റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്നും കരാര്‍ കമ്പനിയെ കുറിച്ച പരാതി ദേശീയപാത അതോറിറ്റിക്ക് കൈമാറും. ടോള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതില്‍ നിയമോപദേശം തേടുമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയപാതയിലെ പുതുക്കാട്, നന്തിക്കര, നെല്ലായി എന്നിവിടങ്ങളില്‍ കലക്ടര്‍ പരിശോധന നടത്തി. റവന്യു, പൊതുമരാമത്ത്, ദേശീയപാത ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.