നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; തീരാതെ ദുരിതം

തൃശൂർ: ജില്ലയിൽ മഴ മാറിനിന്നെങ്കിലും ജനജീവിതം ദുരിതത്തിൽതന്നെ. വിവിധ മേഖലകളിൽ വെള്ളക്കെട്ട്​ രൂക്ഷമാണ്​. ജലഭീതിയിൽ സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ ചാലക്കുടി പുഴയുടെ രൗദ്രത കുറയുകയാണ്​. വൃഷ്ടി പ്രദേശത്ത്​ മഴ കുറഞ്ഞെങ്കിലും നീരൊഴുക്കിന്​ കുറവില്ല. മഴ​വെള്ളം മാർഗതടസ്സം കൂടാതെ കടലിൽ എത്തുന്നതിനാലും മഴ കനക്കാത്തതും അതിതീവ്ര പ്രശ്നത്തിന്​ താൽക്കാലിക അറുതിയായി​. സപ്തമി ദിനത്തിൽ ശക്തമായ വേലിയിറക്കം ഉണ്ടായതിനാൽ ഒഴുകിയെത്തിയ മുഴുവൻ ജലവും അഴീക്കോട്​ മുന്നക്കലിൽ കടൽ സ്വീകരിക്കുകയാണുണ്ടായത്​. അതേസമയം, വെള്ളിയാഴ്ച അഷ്ടമി ദിനത്തിൽ വേലിയേറ്റ സാധ്യതയുണ്ടെന്ന്​​ തീരദേശവാസികൾ പറയുന്നു​. കനത്ത മഴ പെയ്യുകയും ഒഴുകിയെത്തുന്ന ജലത്തെ ശക്തമായ നിലയിൽ കടൽ പ്രതി​രോധിക്കുകയുംകൂടി ചെയ്താൽ 2018ലേതിന്​ സമാനമായ പ്രളയത്തിന്​ സാക്ഷ്യം വഹിക്കേണ്ടിവരും. വിവിധ മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതിനാൽ അത്തരമൊരു സാഹചര്യത്തിന്​ സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്​. കുറുമാലിപ്പുഴയിൽ അപകടനില 5.6 മീറ്റർ ആണ്​. നിലവിൽ 6.03 മീറ്റർ ജലമുണ്ട്​. ഭാരതപ്പുഴയിൽ 23.385 മീറ്റർ ജലമുണ്ട്​. 23.5 മീറ്ററാണ്​ മുന്നറിയിപ്പ് നില. അപകടനില 23.94 മീറ്ററുമാണ്​. കേരള ഷോളയാർ സ്പിൽവേ അഞ്ചാം നമ്പർ ഷട്ടർ ഉച്ചക്ക്​ ഒന്നിന്​ രണ്ടടി കൂടി ഉയർത്തി. 158.14 ക്യുമെക്സ് വെള്ളം പുറംതള്ളിയെങ്കിലും പ്രശ്നമുണ്ടായില്ല. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ഉച്ചക്കുശേഷം രണ്ടോടെ 2.5 സെ.മീ കൂടി ഉയർത്തിയതിനാൽ മണലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. മലമ്പുഴ ഡാമിന്‍റെ നാല്​ ഷെട്ടറുകൾ വൈകീട്ട്​ മൂന്നോടെ 10 സെ.മീ വീതവും തുറന്നു. ജില്ലയുടെ വിവിധ മേഖലകളിൽ വെള്ളക്കെട്ട്​ തുടരുകയാണ്​. പുഴയോര മേഖലകളും കോൾപ്പടവുകളും പാടങ്ങളും ജലസമൃദ്ധമാണ്​. ക്യാമ്പുകളിൽ കഴിയുന്നവർക്ക്​ വീടുകളിലേക്ക്​ തിരിച്ചുപോകാനായിട്ടില്ല. വെള്ളം കയറിയ വീടുകളിൽ വിവിധ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം തുടരുന്നു​. തീരമേഖലയിൽ​ വെള്ളക്കെട്ട്​ രൂക്ഷമാണ്​. താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കാര്യമായി ഇറങ്ങിയിട്ടില്ല. നവീകരണം നടക്കാത്ത റോഡുകളിൽ അധികവും വമ്പൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്​. മഴക്കാല പൂർവ ശുചീകരണം നടക്കാത്തതിനാൽ കാനകളും നിറഞ്ഞ നിലയിലാണ്​. മഴ കുറഞ്ഞതോടെ പകർച്ചവ്യാധികൾ അടക്കം പകരാൻ സാധ്യത മുന്നിൽക്കണ്ട്​ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ആരോഗ്യ ബോധവത്​കരണവും മുന്നറിയിപ്പും നൽകുന്നുണ്ട്​. മാള മേഖലയിൽ കൊച്ചുകടവിലെ 400 വീടുകളിൽ വെള്ളം കയറി. അന്നമനടയിൽ 600 പേർ വീടൊഴിഞ്ഞ് ക്യാമ്പുകളിലെത്തി. കുണ്ടൂർ തീർത്തും ഒറ്റപ്പെട്ടു. കണക്കൻ കടവ് റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ഹെക്ടർ കണക്കിന് പ്രദേശത്ത് പുഴ കയറി. ആലമറ്റം ഭാഗത്തേക്ക് സർക്കാർ അടിയന്തര സഹായമായി വഞ്ചി നൽകി. അന്നമനടയിൽ പുളിക്കകടവ് പാലത്തിനടിയിൽ കുടുങ്ങിയ വൻതടി ഫയർഫോഴ്സ് സാഹസികമായി പുഴയിലിറങ്ങി നീക്കി. പാലിശ്ശേരിയിൽ പുഴവെള്ളം ഇടറോഡ് വഴി റോഡിലെത്തി ഗതാഗത തടസ്സമുണ്ടായി. ദുരന്തനിവാരണ സെല്‍ രൂപവത്​കരിച്ചു തൃശൂർ: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സെല്‍ രൂപവത്​കരിച്ചു. ഫോണ്‍: 0487 2360616. ഇ-മെയില്‍: ddptcr@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.