നഗരസഭകള്‍ വളര്‍ന്നു; ശുചീകരണ തൊഴിലാളികളുടെ എണ്ണത്തില്‍ മാറ്റമില്ല

-ലിജിത്ത്​ തരകൻ ഗുരുവായൂര്‍: പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഗരസഭകളുടെ അതിര്‍ത്തികള്‍ വളര്‍ന്ന് വികസിച്ചിട്ടും ശുചീകരണ തൊഴിലാളികളുടെ എണ്ണത്തില്‍ മാറ്റമില്ല. അയ്യന്തോള്‍, വില്‍വട്ടം, ഒല്ലൂക്കര, കൂര്‍ക്കഞ്ചേരി, ഒല്ലൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും നടത്തറ, കോലഴി പഞ്ചായത്തുകള്‍ ഭാഗികമായും കൂട്ടിച്ചേര്‍ത്ത് തൃശൂര്‍ നഗരസഭ 20 വര്‍ഷം മുമ്പ് കോർപറേഷനായി മാറിയെങ്കിലും നഗരസഭ ആയിരുന്ന കാലത്തുണ്ടായിരുന്ന 246 തന്നെയാണ് ഇപ്പോഴും ശുചീകരണ തൊഴിലാളികളുടെ എണ്ണം. 330ഓളം താൽക്കാലിക ജീവനക്കാരെക്കൂടി ഉപയോഗിച്ചാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഗുരുവായൂര്‍ നഗരസഭയോട് പൂക്കോട്, തൈക്കാട് പഞ്ചായത്തുകള്‍ 10 വര്‍ഷം മുമ്പ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാൽ, 1995ന് മുമ്പ് ടൗണ്‍ഷിപ്പായിരുന്ന കാലത്തുണ്ടായിരുന്ന 50 തൊഴിലാളികള്‍ മാത്രമാണ് ഇവിടെയുള്ളത്. 125ഓളം പേരെ താൽക്കാലികക്കാരായി നിയമിച്ചാണ് ഇവിടെ ശുചീകരണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. മേത്തല പഞ്ചായത്ത് കൂട്ടിച്ചേര്‍ത്ത കൊടുങ്ങല്ലൂര്‍ നഗരസഭയിലും ശുചീകരണ തൊഴിലാളികളുടെ എണ്ണം വിസ്തൃതിക്കനുസൃതമായി വര്‍ധിപ്പിച്ചിട്ടില്ല. ആര്‍ത്താറ്റ് പഞ്ചായത്ത് പൂര്‍ണമായും ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭാഗികമായും ലയിപ്പിച്ച കുന്നംകുളം നഗരസഭയില്‍ നേരത്തേ ഉണ്ടായിരുന്ന 35 പേര്‍ മാത്രമാണ് സ്ഥിരം ശുചീകരണ തൊഴിലാളികള്‍. ശുചീകരണ ആവശ്യങ്ങള്‍ കാലാനുസൃതമായി വര്‍ധിച്ചിട്ടും തൊഴിലാളികളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നില്ലെന്ന് സി.ഐ.ടി.യു ശുചീകരണ തൊഴിലാളികളുടെ സംഘടനയായ കെ.എം.സി.ഡബ്ല്യു.എഫിന്‍റെ ജില്ല സെക്രട്ടറി ജോസഫ് മാള്യേക്കല്‍, വൈസ് പ്രസിഡന്‍റ് ഉണ്ണി വാറനാട്ട്, ട്രഷറര്‍ എം.കെ. സുനില്‍ എന്നിവര്‍ പറഞ്ഞു. 20 വര്‍ഷത്തോളമായി താൽക്കാലിക ജോലിക്കാരായി തുടരുന്നവരുണ്ടെന്നും ഇവര്‍ പറഞ്ഞു. ജോലിക്കിടെ അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും താൽക്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.