പിള്ളപ്പാറയിൽനിന്ന് രക്ഷപ്പെട്ട കാട്ടാനക്ക് ഗുരുതര പരിക്കെന്ന് സൂചന

അതിരപ്പിള്ളി: പിള്ളപ്പാറയിൽ ചാലക്കുടിപ്പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട കാട്ടാനക്ക്​ ഗുരുതരമായി പരിക്കേറ്റതായി സൂചന. കാട്ടാന കയറിപ്പോയ കാട്ടിൽനിന്ന്​ കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ആനയുടെ തുടർച്ചയായ ചിന്നംവിളി കേട്ടതായി പരിസരവാസികൾ പറയുന്നു. ഇത് കാട്ടാനക്കേറ്റ ഗുരുതരമായ പരിക്കിന്‍റെ സൂചനയാകാമെന്നാണ്​ നിഗമനം. ആറു മണിക്കൂറിലധികം കാട്ടാന പുഴയുടെ കുത്തൊഴുക്കിൽ പെട്ട് ഉഴറുകയായിരുന്നു. പാറക്കെട്ടിൽ ഇടിച്ച് ശരീരത്തിൽ നിരവധി പരിക്കുകൾ ഏറ്റതായി കണ്ടെത്തിയിരുന്നു. കൂടാതെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തുരുത്തിലെ മരത്തിൽ ഇടിച്ചും കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കാട്ടാനയുടെ വാരിയെല്ല് പെട്ടെന്ന് ഒടിയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പലരും പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ആനക്ക്​ ഗുരുതര പരിക്കേറ്റിട്ടുണ്ടെങ്കിൽ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ആനപ്രേമികൾ പറയുന്നു. ആനയുടെ അവസ്ഥയെക്കുറിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ വിശദ റിപ്പോർട്ട്‌ അവശ്യപ്പെട്ടിരുന്നു. ആനയെ കണ്ടെത്തിയതായും​ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ്​ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ മനസ്സിലാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു​. ശരീരത്തിൽ മണ്ണ് തേച്ചതായി വ്യക്തമായിട്ടുണ്ട്. ചെറിയ പരിക്കോ വേദനയോ ഉണ്ടെങ്കിൽ ആനകൾ ഇപ്രകാരം ചെയ്തേക്കാം. തുടർച്ചയായ നിരീക്ഷണം നടത്തി ആവശ്യമെങ്കിൽ ചികിത്സ നൽകണമെന്ന് മന്ത്രി നിർദേശം നൽകി. TCD Chdy - 5 പിള്ളപ്പാറയിൽ കുത്തൊഴുക്കിൽ പെട്ട കാട്ടാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.