അപ്രതീക്ഷിത മഴക്കു​ പിന്നിൽ അതിവേഗ മേഘരൂപവത്​കരണവും ഗതിവേഗ സഞ്ചാരവും

-പി.എ.എം. ബഷീർ തൃശൂർ: അമ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും നൂറോളം പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടാക്കിയ അപ്രതീക്ഷിത മഴക്കു​ പിന്നിൽ പൊടുന്നനെയുള്ള മേഘരൂപവത്​കരണവും ഗതിവേഗ സഞ്ചാരവുമാ​ണെന്ന്​ കാലാവസ്ഥ ഗവേഷകർ. കടലിലും കരയിലുമുള്ള അനുകൂല സാഹചര്യമാണ്​ കാലവർഷത്തിന്​ അന്യമായ കൂമ്പാരമേഘങ്ങളുടെ ദുരിതപ്പെയ്ത്തിന്​ കാരണമാവുന്നതെന്ന്​ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട നിർത്താതെയുള്ള നൂൽമഴയും പെയ്തൊഴിയാത്ത രാത്രിയുമൊക്കെയായി വരുംദിവസങ്ങളും രൂപവും ഭാവും മാറിയ മേഘങ്ങൾ തിമിർക്കുകതന്നെ ചെയ്യും. അതിശക്തമായ പിടിഞ്ഞാറൻ കാറ്റാണ്​ മേഘങ്ങളുടെ സാഞ്ചാരഗതിയെ നിയന്ത്രിക്കുന്നത്​. നേരത്തേയുള്ള പ്രവചനത്തെപ്പോലും അട്ടിമറിക്കുന്ന തരത്തിലാണ്​ ഇവയുടെ സഞ്ചാരം. അതിനൊപ്പം ആഗോള സമുദ്രാന്തരീക്ഷ ഘടകങ്ങളും കനത്ത മഴയൊരുക്കുന്നുണ്ട്​. പസഫിക്​, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിവക്ക്​ പുറമേ നേരത്തേ ഏറെ ശാന്തമായിരുന്ന അറബിക്കടലും മഴാനുകൂലമാണ്​. കരയിൽ പെയ്യുന്നതിനെക്കാൾ അധിക മഴയാണ്​ കടലിൽ​. അതുകൂടി കരയിലേക്ക്​ എത്തിയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മേഖലകളിലുണ്ടായ മിന്നൽപ്രളയങ്ങൾ 2018ലെ മഹാപ്രളയത്തിലേക്ക്​ വഴിമാറുമായിരുന്നു. നിലവിൽ ​ഝാർഖണ്ഡ്​ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ പാത്തിയും കർണാടക -തമിഴ്​നാട്​ -കേരള തീരത്തുള്ള ചക്രവാത ചുഴിയും കൂടാതെ മൺസൂൺ പാത്തിയുമൊക്കെയാണ്​ മഴ സജീവമാക്കുന്നത്​. ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയാണ്​ നൂൽമഴ പോലും അപകടം വരുത്തിവെക്കുന്ന തരത്തിലേക്ക്​ കേരളത്തെ തള്ളിവിടുന്നത്​. കുന്നിൻചരിവിലെയും അതി​ലോല മേഖലകളിലെയും കൃഷിയും നിർമാണപ്രവർത്തനവും അടക്കം തടയിടാനാവാതെപോയാൽ ദുരന്തങ്ങളുടെ ആവർത്തന മേഖലയായി കേരളം മാറും. കഴിഞ്ഞ നാലു ദിവസങ്ങളിൽ കേരളത്തിന്​ ലഭിച്ചത്​ 118.8 മില്ലിമീറ്റർ മഴയാണ്​. ഇത്രമേൽ മഴ ലഭിച്ചിട്ടും സംസ്ഥാനം ഇപ്പോഴും മഴക്കമ്മിയിലാണുള്ളത്​. എട്ടു ജില്ലകളിൽ മഴക്കമ്മിയും ആറുജില്ലകളിൽ നേരിയ ശരാരശിയും മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഏനമാക്കൽ (225)​, ചാലക്കുടി (213.4), കൊടുങ്ങല്ലൂർ (210), കൊച്ചി വിമാനത്താവളം (211.2) എന്നിവിടങ്ങളിലാണ്​ ഇക്കുറി അതിതീവ്ര മഴ അടയാളമിട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.