പ്രളയമാസത്തിൽ ഇത്തവണയും അതിതീവ്ര മഴ

തൃശൂർ: കഴിഞ്ഞ വർഷങ്ങൾക്ക്​ സമാനം ഇക്കുറിയും ആഗസ്റ്റിൽ​ കേരളത്തിന്‍റെ നെഞ്ചിടിപ്പ്​ ഉയരുന്നു. 2018ലെ മഹാപ്രളയം മുതൽ 2020ലെ മിനിപ്രളയം വരെ തിമിർത്തുപെയ്ത്​ നാശം വിതച്ച പേമാരി കഴിഞ്ഞവർഷം അത്ര ശക്തമായില്ലെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മുൻവർഷങ്ങളിൽ ആഗസ്റ്റ്​ ഏഴ്​ മുതൽ ഒമ്പത്​ വരെയും 13 മുതൽ 17 വരെയുമാണ്​ മഴ താണ്ഡവമാടിയത്​. എന്നാൽ, ഇത്തവണ ആഗസ്റ്റിൽ നേരത്തേ എത്തി. തെക്കൻ കേരളത്തിൽനിന്ന്​ തുടങ്ങി കേരളമാകെ വ്യാപിക്കുന്ന മഴയാണ്​ ഈ മാസം അഞ്ചുവരെ പ്രവചിച്ചിരിക്കുന്നത്​. കേരള-തമിഴ്​നാട്​-കർണാടക തീരത്തെ ചക്രവാതച്ചുഴിയാണ്​ ചില മേഖലകളിലെ അതിത്രീവ മഴയും ഉരുൾ​പൊട്ടലും ഇതര നാശനഷ്ടങ്ങളും ഉണ്ടാക്കിയത്​. പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദം മഴ സജീവമായി നിലനിർത്താൻ കാരണമാകും. പടിഞ്ഞാറൻ കാറ്റ്​ ശക്തമായതിനാൽ ബംഗാൾ ഉൾക്കടലിന്‍റെ അസ്ഥിരത സ്വഭാവം കൂടുതൽ പ്രകടമാകാനും സാധ്യത ഏറെയാണ്​. കാലവർഷം താൽക്കാലിക വിരാമത്തിന്​ പിന്നാലെ കൂടുതൽ സജീവമാകുമ്പോൾ തെക്കൻ കേരളത്തിൽ പെയ്യുന്ന മഴ കേരളത്തിൽ വ്യാപകമാവും. മൺസൂണിന്​ അന്യമായ കനത്തമഴ പെയ്യുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ്​ പ്രശ്നം രൂക്ഷമാക്കുന്നത്​. ജൂലൈ മധ്യത്തിൽ കേരളത്തിന്​ ലഭിച്ച തരക്കേടില്ലാത്ത മഴ ഈ മേഘങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. നിലവിൽ അതിതീവ്രവും അതിശക്തവുമായ മഴയാണ്​ പ്രതീക്ഷിക്കുന്നത്​. ഉരുൾപൊട്ടലും മണ്ണിടിച്ചിൽ സാധ്യതയുമുള്ള ഹൈറേഞ്ചുകളിലും അതിലോല ഭൂപ്രകൃതി മേഖലകളിലും അതിജാഗ്രത വേണ്ടതുണ്ട്​. രണ്ട്​-മൂന്ന്​ ദിവസങ്ങളിലെ 10 മുതൽ 20 സെ.മീ. മഴ സജീവ മൺസൂണിൽ സാധാരണമാണ്​. എന്നാൽ, തുടർച്ചയായ ദിവസങ്ങളിലെ തീവ്രമഴയും ഒരു ദിവസത്തിൽതന്നെ കുറഞ്ഞ സമയത്ത്​ വർഷിക്കുന്ന അതിതീവ്ര മഴയും കാര്യങ്ങൾ കൈവിടും. ഒപ്പം ഒരുദശകത്തിൽ ഏറെയായി ആദ്യപാദത്തിൽ കുറഞ്ഞ്​ രണ്ടാം പകുതിയിൽ മഴ കൂടുന്ന തലതിരിഞ്ഞ പ്രതിഭാസംകൂടിയുണ്ട്​. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30വരെ 21.7 മില്ലിമീറ്റർ മഴയാണ്​ കേരളത്തിന്​ ലഭിച്ചത്​. ഞായറാഴ്ച 961.1 മി.മീ. ലഭിച്ച മഴ തിങ്കളാഴ്ച 982.8 ആയി ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.