കരുവന്നൂർ: ഞങ്ങൾ എന്തിന്​ പഴികേട്ടു; അറിയില്ല, സുഗതനും മിനിക്കും

തൃശൂർ: ശിഷ്ടകാലമോ അടിയന്തര സാഹചര്യത്തിലോ സഹായമാകാൻ ചോര നീരാക്കിയുണ്ടാക്കിയ അധ്വാനം നിക്ഷേപിച്ച് പെരുവഴിയിലായ നിക്ഷേപകർക്കൊപ്പം അറിയാത്ത കാര്യത്തിൽ കള്ളനെന്നും തട്ടിപ്പുകാരനെന്നും കേൾക്കേണ്ടി വന്നവരുമുണ്ട്​, 'കരുവന്നൂരിന്‍റെ ഇരകളായി'. പ്രതികളാക്കപ്പെട്ട ഭരണസമിതി അംഗങ്ങളായ സുഗതനും മിനി നന്ദനുമൊക്കെ ഇങ്ങനെ ചിലരാണ്. ----- *എന്തിനാണ് ഞാൻ 78 ദിവസം ജയിലിൽ കിടന്നത്? തൃശൂർ: കരയാൻ കൊതിയുണ്ടെങ്കിലും സുഗതന് കണ്ണീർ വരില്ല. മനസ്സ്​​ മരവിച്ചു. 10 വർഷം കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ഭരണസമിതി അംഗമായിരുന്ന കെ.വി. സുഗതൻ ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനാണ്. വൃക്കരോഗബാധിതനാണ്. വാടകവീട്ടിലാണ് താമസം. 78 ദിവസം ജയിലിൽ കിടന്നു. കേസ് നടത്തിപ്പിന്​ കടം വാങ്ങി. ഒന്നുമറിയാത്ത കാര്യത്തിൽ കുരുങ്ങിപ്പോയതിന് ആരെ പഴിക്കണമെന്ന് അറിയില്ല. സി.പി.ഐക്കാരനായ സുഗതൻ പാർട്ടി ചുമതലയേൽപിച്ചപ്പോൾ സന്തോഷവാനായിരുന്നു. പക്ഷേ ഈ സന്തോഷത്തിന് ജീവിതമാണ് 'കുരുതി' കൊടുക്കേണ്ടിവരുന്നതെന്ന് അറിഞ്ഞില്ല. പാർട്ടി നേതൃത്വത്തിനോടും മുന്നണി നേതാക്കളോടും ബാങ്ക് പ്രവർത്തനങ്ങളിൽ തനിക്കുള്ള സംശയങ്ങൾ സൂചിപ്പിച്ചപ്പോൾ ഇരുകൂട്ടരും പറഞ്ഞത് അത് അങ്ങനെ പൊയ്ക്കോളും എന്നായിരുന്നത്രെ. ഭരണസമിതി അംഗങ്ങളെ ഒരുകാര്യവും അറിയിച്ചിരുന്നില്ല. ഒരിക്കൽ മിനിറ്റ്​സ്​ കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'ആ പരിപ്പ് ഇവിടെ വേവില്ല' എന്നായിരുന്നു സെക്രട്ടറിയായിരുന്ന സുനിൽ കുമാറിന്‍റെ മറുപടി. ഇക്കാര്യം പ്രസിഡന്‍റിനോടും സെക്രട്ടറിയോടും അറിയിച്ചു. പക്ഷേ കാര്യമുണ്ടായില്ല. ഭരണസമിതിയെന്ന് പേരുമാത്രമേ ഉള്ളൂ. ഭരിച്ചത് സുനിൽ കുമാറായിരുന്നെന്ന്​ സുഗതൻ പറയുന്നു. സുനിൽ കുമാറും സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗമായിരുന്ന സി.കെ. ചന്ദ്രനുമാണ് ബാങ്ക് കൊണ്ടുനടന്നിരുന്നത്. ക്രമക്കേട് വിവരങ്ങളെപറ്റി മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ഇത്തരം വലിയ വായ്പകളെക്കുറിച്ച് അറിയുന്നത്. വലിയ വായ്പകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോൾ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതത്തിന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോൾ മാപ്രാണത്തെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷജീവനക്കാരനായി തുച്ഛവരുമാനംകൊണ്ട് വാടകവീട്ടിൽ രോഗങ്ങളോട് മല്ലിട്ട് ആരോടും പരിഭവമില്ലാതെ കഴിയുകയാണ്. എന്തിനുവേണ്ടിയാണ് താൻ 78 ദിവസം ജയിലിൽ കിടന്നതെന്ന് സ്വയം ബോധ്യപ്പെടുത്താൻ സുഗതനാവുന്നില്ല. എന്നെങ്കിലും സത്യം തെളിയുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും സുഗതൻ പ്രതീക്ഷിക്കുന്നു. tcg_chr1-k.v.sugathan- കെ.വി. സുഗതൻ ----------------------------------------------------------------- തട്ടിപ്പ്​ നടത്തിയെങ്കിൽ വീട്​ ജപ്തിയുടെ വക്കിലാകുമോ? -മിനി നന്ദൻ തൃശൂർ: കോടികൾ വേണ്ട, ലക്ഷങ്ങൾ തട്ടിയെടുത്തെങ്കിൽ ഇപ്പോൾ ഈ വീടിന് ജപ്തി നോട്ടിസ് വരില്ലല്ലോ? ഒന്നുമറിയാത്ത കാര്യത്തിന് ജീവിതം തകർന്നനിലയിലാണ്. കുടുംബം ഒപ്പമുണ്ടായിരുന്നതാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം -ഇത്​ പറയുമ്പോൾ മിനി നന്ദന്‍റെ കണ്ണുകൾ നിറഞ്ഞു. ഏഴ് മാസത്തോളം വീട്ടിൽനിന്ന്​ മാറി കുട്ടികളെ കാണാതെ... 58 ദിവസത്തോളം ജയിലിൽ. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തപ്പോൾ മിനി നന്ദനും അകപ്പെട്ടു. സി.പി.ഐയുടെ പ്രതിനിധിയായി ആദ്യമായാണ് ബാങ്ക് ഭരണസമിതി അംഗമായത്​. പല കാര്യങ്ങളും ഭരണസമിതി അറിയുന്നില്ലെന്ന്​ ശ്രദ്ധയിൽപെടുത്തിയപ്പോൾ ബാങ്കിന്‍റെ ചുമതലക്കാർക്ക്​ പുച്ഛമായിരുന്നു. ഇവിടെ ഇങ്ങനെയാണെന്ന ധാർഷ്ട്യം കലർന്ന മറുപടി. ഭരണസമിതി അംഗങ്ങൾ സെക്രട്ടറി പറയുന്ന കടലാസുകളിൽ ഒപ്പുവെക്കുന്നവർ മാത്രം. മിനിറ്റ്​സിൽ ഒപ്പുവെക്കുമ്പോൾ ഒരെണ്ണം വെച്ചതിനുശേഷം ഇനി പിന്നെയാവാമെന്ന് പറഞ്ഞ് മാറ്റിവെക്കും. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി സുനിൽ കുമാറാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരം ഒരിക്കൽ ഓഡിറ്റർ പറഞ്ഞപ്പോഴാണ്​ അറിയുന്നത്. പാർട്ടി നേതൃത്വത്തെയും സി.പി.എം നേതൃത്വത്തെയും കൃത്യമായി അറിയിച്ചിരുന്നു. എന്നാൽ, നേതൃത്വങ്ങൾ നടപടിയെടുക്കാൻ തയാറായില്ല. ഇതാണ് ഗുരുതര സാഹചര്യത്തിലെത്തിച്ചത്. വായ്പകളെപറ്റി ഭരണസമിതി അംഗങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. തങ്ങളുടെ മുന്നിലേക്ക് വന്നതിൽ ഏറ്റവും വലിയ വായ്പ 10 ലക്ഷത്തിന്‍റേതാണ്​. പത്രങ്ങളിലൂടെയാണ് 25ഉം 50ഉം ലക്ഷത്തിന്‍റെ വായ്പ നൽകിയിരുന്നതായി അറിഞ്ഞത്​. മിനിറ്റ്​സ്​ ബുക്കിൽ കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. മിനിറ്റ്​സ് ബുക്ക് ഒരിക്കലും ഭരണസമിതി അംഗങ്ങളുടെ പരിശോധനക്ക്​ തന്നിട്ടില്ല. ജീവിതത്തിൽ ഒരുപാട്​ പ്രയാസം അനുഭവിച്ചതാണ്​. സിറ്റിങ്​ ഫീസായി 500 രൂപ കിട്ടുന്നതായിരുന്നു ബാങ്ക്​ ഭരണസമിതി അംഗമെന്ന നിലക്കുള്ള നേട്ടം. ജോലിയുള്ളതുകൊണ്ടാണ്​ കുടുംബം കഴിഞ്ഞത്. കേസിൽ പെട്ടതിനാൽ ഏഴുമാസം കുടുംബത്തെ വിട്ടുനിൽക്കേണ്ടി വന്നു. മാനസികനില തകർന്നപോലെയായി. ജയിൽ അധികൃതരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഭരണസമിതി അംഗങ്ങൾക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സാധാരണക്കാരുടെ വിശ്വാസം. തങ്ങൾക്ക് ഒരുപങ്കും ഇല്ല. കരുവന്നൂർ ബാങ്കിൽ ആധാരം പണയം വെച്ച് വായ്പയെടുത്താണ്​ വീട് പണിതത്. ഇപ്പോൾ അതിന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. കോടികളും ലക്ഷങ്ങളും തട്ടിപ്പ് നടത്തിയെങ്കിൽ വീടിനെടുത്ത വായ്പ അടക്കമായിരുന്നില്ലേ​? -മിനി ചോദിക്കുന്നു. സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ്​ മിനിയും. tcg_chr1-mini nandan-മിനി നന്ദൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.