കൊച്ചി: പൊളിഞ്ഞ റോഡിെൻറ കാര്യത്തിൽ ജനം എല്ലാം സഹിക്കുകയാണെന്ന് ഹൈകോടതി. ലോകത്ത് മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സർക്കാറിനെതിരെ എത്ര കേസുകളുണ്ടാകുമായിരുന്നു. റോഡ് നന്നാക്കിയാൽ ഉടൻ അതുകുഴിക്കാനെത്തും. മഴക്കാലത്ത് റോഡുകൾ കുഴിക്കാൻ അനുവദിക്കരുത്.
വൈറ്റില-തൃപ്പൂണിത്തുറ റോഡിൽ പൈപ്പിടൽ മേയ് അവസാനം പൂർത്തിയായെന്ന് പറയുന്നു. മഴക്കാലം വരുന്നത് അറിയാതെയാണോ റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി നൽകിയത്. നല്ല റോഡാണെങ്കിൽ ഗതാഗതക്കുരുക്കോ അപകടമോ ഉണ്ടാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വാഹനത്തിെൻറ അടിതട്ടുന്ന പഴഞ്ചൻ രീതിയിലാണ് കൊച്ചി നഗരത്തിലെ രാജാജി റോഡിൽനിന്ന് എം.ജി റോഡിലേക്കിറങ്ങുന്ന റോഡ് നിർമിച്ചിരിക്കുന്നത്. ഇതിെൻറ ഉത്തരവാദിത്തം കൊച്ചി നഗരസഭക്കാണോ പൊതുമരാമത്ത് വകുപ്പിനാണോ. അത്യാധുനിക കാറുകളടക്കം വാഹനങ്ങളിൽ പലതിനും റോഡിൽനിന്ന് ഏതാനും ഇഞ്ചുകൾ മാത്രമാണ് ഉയരം. അപ്പോഴാണ് പഴയ മാതൃകയിൽ റോഡ് നിർമിച്ചിരിക്കുന്നത്.
എം.ജി റോഡിൽ ഷിപ്യാർഡ് കഴിഞ്ഞാൽ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. വൈറ്റില-തൃപ്പൂണിത്തുറ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനാൽ മൂന്നു മാസത്തിലേറെയായി ജനം സഹിക്കുകയാണ്. ജല അതോറിറ്റി പൈപ്പ് മാറ്റാൻ റോഡ് വെട്ടിക്കുഴിച്ചതാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ വിശദീകരിച്ചപ്പോൾ സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും റോഡുകൾ നന്നാക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.