കാനനപാതയിലെ
കാട്ടാനക്കൂട്ടം
കോന്നി: കല്ലേലി-അച്ചൻകോവിൽ വനപാതയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്നു. വനപാതക്ക് സമാന്തരമായി ഒഴുകുന്ന അച്ചൻകോവിലാറ്റിൽ കാട്ടാനകൾ വെള്ളം കുടിക്കാൻ ഇറങ്ങുന്നത് പതിവാണ്. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന പാതയിൽ വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമാണുള്ളത്. മുമ്പ് കോന്നി വനം ഡിവിഷന്റെ പരിധിയിലെ ചെമ്പനരുവി ഭാഗത്ത് അജ്ഞാതനെ കാട്ടാന ചവിട്ടികൊന്ന സംഭവമുണ്ടായി. ബൈക്ക് യാത്രക്കാരിൽ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടിട്ടുള്ളത്.
വേനൽമഴ ശക്തമായതോടെ റോഡരികിൽ പുല്ലുകളും കാടുകളും വളർന്നുനിൽക്കുന്നതിനാൽ വാഹനങ്ങളിൽ എത്തുന്നവർക്ക് വളവുകളിൽ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനാകില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്. കല്ലേലി മുതൽ അച്ചൻകോവിൽ വരെ അച്ചൻകോവിലാറിനു സമാന്തരമായാണ് വനപാതയിലൂടെയുള്ള യാത്ര. സഞ്ചാരികൾക്ക് ഇവിടം കൂടുതൽ ഇഷ്ടപ്പെടുമെങ്കിലും വന്യമൃഗങ്ങളുടെ സാന്നിധ്യം ഭീഷണിയാണ്. കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെ സാന്നിധ്യവുമുണ്ട്. ആവണിപ്പാറ ആദിവാസികോളനി അച്ചൻകോവിലാറിന് സമീപത്താണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മാസംതോറും ആവണിപ്പാറയിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.
വനപാതയിലൂടെയുള്ള യാത്രക്കിടെ വാഹനത്തിനോ യാത്രക്കാർക്കോ അത്യാഹിതം സംഭവിച്ചാൽ പുറംലോകത്തെത്താൻ ബുദ്ധിമുട്ടും. കല്ലേലിയിലെ ചെക്ക് പോസ്റ്റിൽനിന്ന് വനം വകുപ്പിന്റെ അനുമതിയോടെ വേണം യാത്ര ചെയ്യാൻ.
രാത്രി വനത്തിലൂടെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആവണിപ്പാറക്ക് സമീപം പുനലൂർ ആലിമുക്കിൽനിന്നുള്ള പാതയുംകൂടി ചേരുന്നു. അച്ചൻകോവിൽ ചെമ്പനരുവി ഭാഗത്ത് പുതിയ ഒരു ചെക്ക് പോസ്റ്റ് കൂടി പ്രവർത്തനം തുടങ്ങാനുള്ള തയാറെടുപ്പിലാണ് വനം വന്യജീവി വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.