കോന്നി: ‘മൂന്നാം തവണയാണ് കാട്ടാന എന്റെ കൃഷി നശിപ്പിക്കുന്നത്, ഇങ്ങനെ പോയാൽ കൃഷി പൂർണമായി ഉപേക്ഷിക്കേണ്ടി വരും’... കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചിട്ട് പോയ വാഴത്തോട്ടത്തിൽനിന്ന് കുളത്തുമൺ മണ്ണിൽ തെക്കേക്കര എം.വി. ബാബു ഇത് പറയുമ്പോൾ കണ്ടുനിന്നവർക്കും നൊമ്പരം. ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണയാണ് ബാബുവിന്റെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ 50,000 രൂപയോളമാണ് നഷ്ടമെങ്കിൽ ഇത്തവണ അത് രണ്ട് ലക്ഷം രൂപയാണ്. 250 മൂട് കുലച്ച വാഴ, 15 കവുങ്ങ്, രണ്ട് തെങ്ങ്, 30 മൂട് മാങ്കോസ്റ്റിൻ, പത്തുമൂട് പുലോസാൻ, പത്തുമൂട് അബിയു എന്നിവയാണ് കഴിഞ്ഞ ദിവസം പുലർച്ച കാട്ടാന നശിപ്പിച്ചത്. പുലർച്ച വീടിന് സമീപമുള്ള റബർ തോട്ടത്തിൽ ടാപ്പിങ് നടത്തി തിരികെ വരുമ്പോൾ കൃഷി നശിപ്പിച്ച ശേഷം കാട്ടാനകൾ തിരികെ മടങ്ങുന്ന കാഴ്ചയാണ് ബാബു കണ്ടത്.
നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ കർഷകന് കഴിഞ്ഞുള്ളു. സംഭവത്തെ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു. കൃഷിക്ക് നഷ്ടപരിഹാരം പണം അനുവദിച്ചാൽ നൽകാമെന്ന് പറഞ്ഞ് അവരും മടങ്ങി. കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ കാട്ടാന ശല്യമാണ് പ്രദേശത്തുള്ളത്. എന്നാൽ, ഇതിന് പരിഹാരം കാണാൻ വനം വകുപ്പിന് കഴിയാത്തതിൽ വലിയ പ്രതിഷേധമാണ് മേഖലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.