കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കുളത്തുമണ്ണിൽ രൂക്ഷമായ കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാരും വനപാലകരും. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് അഞ്ച് കാട്ടാനകൾ കുളത്തുമൺ പ്രദേശത്തേക്ക് കടന്നത്. കൃഷിയിടങ്ങളിലേക്ക് ആനകൾ കടന്നതിനെത്തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ നാട്ടുകാർ വിവരം ധരിപ്പിക്കുകയും കോന്നി ആർ.ആർ.ടി യും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ആനക്കൂട്ടത്തെ കാട് കയറ്റി വിടാനുള്ള ശ്രമങ്ങൾ തുടങ്ങി. കൃഷിയിടത്തിൽ നിന്നും ആനകളെ ബഹളം വെച്ച് ഓടിക്കുവാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ വനം വകുപ്പ് പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് ആനകളെ കാട്ടിലേക്ക് തുരത്തുവാൻ ശ്രമങ്ങൾ ആരംഭിച്ചു.
എന്നാൽ കാട്ടിലേക്ക് കയറിയ ആനകൾ മണിക്കൂറുകൾക്ക് ശേഷം വീണ്ടും തിരികെ നാട്ടിൽ എത്തി. ഇതിനിടെ താമരപ്പള്ളി കളിസ്ഥലത്ത് എത്തിയ കാട്ടാനക്കൂട്ടത്തിന് മുന്നിൽ ടാപിങ് തൊഴിലാളികൾ അകപ്പെടുകയും ചെയ്തു. മുൻപ് കാട് കയറ്റി വിട്ടാൽ, ആനകൾ ഉൾവനങ്ങളിലേക്ക് പോകുന്നത് പതിവായിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ വനത്തിനുള്ളിലേക്ക് കയറിപ്പോകാതെ നിൽക്കുന്നത് വനപാലകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ കുളത്തുമൺ, കല്ലേലി, കൊക്കാത്തോട്, വയക്കര, അരുവാപ്പുലം പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കർഷകരുടെ കാർഷിക വിളകളാണ് കാട്ടാനകൾ ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ പ്രവേശിച്ചതോടെ ടാപ്പിങ് തൊഴിലാളികൾ അടക്കമുള്ളവർ ജീവനെ ഭയന്നാണ് പുലർച്ച റബ്ബർ തോട്ടങ്ങളിലേക്ക് പോകുന്നത്. കാട്ടാന ശല്യം നിയന്ത്രിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.