ളാക-ഇടയാറന്മുള പള്ളിയോടത്തി​െൻറ കരനാഥന്മാരെ സ്വീകരിക്കുന്നു

ആചാരങ്ങളിലൊതുങ്ങി ഉത്രട്ടാതി ജലമേള

കോഴഞ്ചേരി: ഉത്രട്ടാതി ജലോത്സവനാളിൽ കരക്കാരുടെ ഹൃദയവേദനയിലും ആശ്വാസത്തി​െൻറ തുഴയെറിഞ്ഞ് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം. രാവിലെ 10.15ന് പാർഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തി​െൻറ കരനാഥന്മാർ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവിൽപ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി.

ദേവസ്വം ബോർഡ് പ്രസിഡൻറ്​ എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.ജി രവി, ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ്​ എ. പത്മകുമാർ, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണമേനോൻ, ദേവസ്വം അസി കമീഷണർ എസ്. അജിത്കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡൻറ്​ കൃഷ്ണകുമാർ, പള്ളിയോട സേവാസംഘം പ്രസിഡൻറ്​ ബി. ക‍ൃഷ്ണകുമാർ, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡൻറ്​ സുരേഷ് ജി.വെൺപാല എന്നിവർ സന്നിഹിതരായിരുന്നു.

സ്വീകരണശേഷം പാർഥസാരഥി ക്ഷേത്രക്കടവിന് സമീപം ളാക-ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കൽ ഉൾപ്പെടെ പ്രകടനം കാഴ്ച​െവച്ചു.

നിയന്ത്രണങ്ങൾ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമർപ്പിക്കാനും അവിൽപ്പൊതി സമർപ്പിക്കാനും ഏതാനും ഭക്തർ എത്തിയിരുന്നു. പടിഞ്ഞാറൻമേഖലയിൽനിന്നുള്ള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം പങ്കെടുത്തത്.

പൊലീസി​െൻറ നേതൃത്വത്തിൽ പമ്പയിലും കരയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ആഞ്ഞിലിമൂട് പാലത്തിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂട്ടുന്നത് തടയുന്നതിനായി പൊലീസ് ഇരുചക്ര വാഹനത്തിലും പട്രോളിങ് നടത്തി.

പാർഥസാരഥി ക്ഷേത്രത്തി​െൻറ കിഴക്കേനടയിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കിഴക്കേഗോപുരം മാത്രമാണ് തുറന്നുനൽകിയത്. 


കാണികൾക്ക് ആവേശമായി ചെറുവള്ളങ്ങൾ

കോഴഞ്ചേരി: രണ്ടുപേരും മൂന്നുപേരും മാത്രം കയറുന്ന ചെറുവള്ളങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പമ്പയുടെ നെട്ടായത്തിൽ തുഴ എറി‍ഞ്ഞ് ജലോത്സവ ദിനത്തിൽ പങ്കാളികളായി. തിരുവോണത്തോണിക്കുപോലും അടുക്കാൻ കഴിയാതിരുന്ന ക്ഷേത്രക്കടവിൽനിന്ന് പഴക്കുലകളും അവിൽപ്പൊതിയും മറ്റും ളാക ഇടയാറന്മുള പള്ളിയോടത്തിലേക്ക് എത്തിച്ചുനൽകാനും ചെറുവള്ളങ്ങൾ സഹായിച്ചു.

തത്സമയ സംപ്രേഷണം കണ്ടത് ആയിരങ്ങൾ

കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലോത്സവത്തി​െൻറ ചടങ്ങുകൾ തത്സമയം കണ്ടത് ആയിരക്കണക്കിനാളുകൾ. ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും പള്ളിയോട സേവാസംഘം ഔദ്യോഗികമായി തത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഇതുകൂടാതെ പള്ളിയോട പ്രേമികളുടെ ഫേസ്ബുക്ക് വഴിയും തത്സമയ സംപ്രേഷണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.