കോഴഞ്ചേരി: തിരുവല്ല-കുമ്പഴ (ടി.കെ) റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവല്ല-വള്ളംകുളം റീച്ചിലെ ജോലികൾ അതിവേഗം പുരോഗമിക്കുമ്പോൾ, കോഴഞ്ചേരി ഭാഗത്തേക്കുള്ള നിർമാണം ഇഴയുന്നു. തിരുവല്ല-വള്ളംകുളം പാലം(4.3 കോടി), വള്ളംകുളം-കോഴഞ്ചേരി പാലം( 7.2 കോടി) എന്നിങ്ങനെ രണ്ട് റീച്ചുകളിലായാണ് റോഡ് നവീകരിക്കുന്നത്. ഇതിൽ തിരുവല്ല മുതൽ വള്ളംകുളം പാലംവരെയുള്ള ഭാഗത്തെ ടാറിങ് ജോലികൾ തുടങ്ങി. കഴിഞ്ഞദിവസങ്ങളിലായി ബി.എം (ബിറ്റുമിൻ മെക്കാഡം) ടാറിങ് പൂർത്തിയാക്കി.
തിങ്കളാഴ്ച മുതൽ അവസാന ഘട്ടമായ ബി.സി (ബിറ്റുമിൻ കോൺക്രീറ്റ്) ടാറിങ് തുടങ്ങി. രാത്രിയിലാണ് ജോലികൾ. നേരത്തെ തകർന്ന ഭാഗത്തെ ടാറിങ് ഇളക്കി മാറ്റിയിരുന്നു. ഇവിടെ മെറ്റലിട്ട് ഉറപ്പിച്ചു. അതിന്റെ മുകളിലാണ് ബി.എം ടാറിങ് നടത്തിയിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി മഞ്ഞാടിയിലെ കലുങ്ക് വീതികൂട്ടി നേരത്തെ പുനർനിർമിച്ചിരുന്നു. തിരുവല്ല വൈ.എം.സി.എക്ക് സമീപം 200 മീറ്റർ ദൂരം ഓടനിർമാണം, തീപ്പനി റെയിൽവേ മേൽപാലത്തിന് താഴെ 50 മീറ്ററോളം പൂട്ടുകട്ടകൾ മാറ്റിയിടുക തുടങ്ങിയ ജോലികളും ഇതോടൊപ്പം പൂർത്തിയാക്കി. അതേസമയം, വള്ളംകുളം മുതൽ കോഴഞ്ചേരി പാലം വരെയുള്ള ഭാഗത്തെ ജോലികൾ ഇഴയുകയാണ്. പെപ്പ് മാറ്റിയിടുന്ന ജോലികൾ ജല അതോറിറ്റി പൂർത്തിയാക്കാത്തതിനാൽ ടാറിങ് വൈകുന്നതായാണ് പരാതി.
ഇതുവരെ വള്ളംകുളം പാലം മുതൽ കുമ്പനാട് കല്ലുമാലിക്കൽ പടി വരെയുള്ള ഭാഗത്തെ ജോലികൾ മാത്രമേ ജല അതോറിറ്റി പൂർത്തിയാക്കിയിട്ടുള്ളൂ. കല്ലുമാലിക്കൽ പടി മുതൽ മാരാമൺ വരെയുള്ള ഭാഗത്തെ റോഡിൽ ജല അതോറിറ്റിയുടെ പണികൾ ഇനിയും നടക്കാനുണ്ട്. രണ്ടുമാസത്തിനുള്ളിൽ പൈപ്പ് മാറ്റിയിടുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടന്നില്ല. 40 വർഷത്തിലേറെ പഴക്കമുള്ള ജലവിതരണ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്. ഇതിനിടെ, ഇരവിപേരൂർ പൊയ്കപടിയിൽ പൊതുമരാമത്ത്വകുപ്പ് ഓഫിസിനു സമീപമുള്ള കലുങ്ക് പുനർനിർമിക്കുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായി. പുതിയ കലുങ്ക് ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ, ഈ ഭാഗത്ത് അപകടഭീഷണിയുമുണ്ട്.
വള്ളംകുളം പാലം മുതൽ കുമ്പനാട് കല്ലുമാലിക്കൽ പടി വരെയുള്ള ഭാഗത്ത് ടാറിങ് നടത്താനും പൊതുമരാമത്ത് വകുപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്. ഇവിടെയും തകർന്നഭാഗം പൂർണമായി ഇളക്കിമാറ്റിയശേഷമാകും ടാറിങ് നടത്തുക. ടികെ റോഡ് 2016ലാണ് ആദ്യമായി ബി.എം.ബി.സി ടാറിങ് നടത്തിയത്. പിന്നീട് അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും വീതികൂട്ടി നവീകരിക്കാൻ നടപടിയുണ്ടായിരുന്നില്ല. വള്ളംകുളത്ത് പുതിയ പാലം നിർമിച്ചതിൽ പിന്നെ ടാറിങ് നടത്തിയിരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.