രാജൻ, റെജി, സിബിൻ
കോഴഞ്ചേരി: ശത്രുതയെ തുടര്‍ന്ന് ബന്ധുക്കളുടെ അടിയും തിരിച്ചടിയും. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോയിപ്രം തെള്ളിയൂർ മാമ്പേമൺ മാനക്കുഴിയിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കോയിപ്രം പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുകേസിലായി മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു.
മാനക്കുഴി പൂവൻവാഴയിൽ പി.കെ. രാജുവിന്റെ മകൻ ജൂബിൻ പി. രാജു (26) വാദിയായി രജിസ്റ്റർ ചെയ്തതാണ് ആദ്യ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മാനക്കുഴിയിൽ രാജൻ (52), തന്റെ സഹോദരൻ ബാബുക്കുട്ടനുമൊത്ത് ഓട്ടോയിൽ എത്തി, സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന വടിവാളെടുത്ത് ജൂബിനെ വെട്ടിപ്പരിക്കേൽപിച്ചെന്നാണ് കേസ്. ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റ ജൂബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിന്തുടർന്ന് കാലിനും കൈക്കും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
രാജന്റെ സഹോദരൻ ബാബുക്കുട്ടൻ (43) വാദിയായ രണ്ടാമത്തെ കേസിൽ, പൂവൻ വാഴയിൽ വീട്ടിൽ പി.പി. റെജിയും സിബിനുമാണ് അറസ്റ്റിലായത്. ഈ കേസിൽ നാല് പ്രതികളുണ്ടെന്ന് മൊഴിയിൽ പറയുന്നു.ബാബുക്കുട്ടൻ ഓടിച്ചുവന്ന ഓട്ടോറിക്ഷ റെജിയുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ചെന്നാണ് രണ്ടാം കേസ്. വാഹനവും തകർത്തു.
കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ഡിസ്ചാർജ് വാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുകൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കണ്ടെടുക്കാനായിട്ടില്ല. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ജോബിൻ, ആരോമൽ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.