വഴിയാത്രികരുടെ ദാഹമകറ്റി ളാഹയിലെ നീരൊഴുക്ക്

വടശ്ശേരിക്കര: ശബരിമല പാതയിൽ ളാഹയിലെ കയറ്റം അതികഠിനമാണ്. ഇവിടെനിന്നുള്ള പ്രകൃതിയുടെ കാഴ്ച അതിമനോഹരവും. കാഴ്ചകണ്ട് വിശ്രമിക്കാനിറങ്ങുന്നവർക്ക് ഇരട്ടി സന്തോഷമാണ് ഇവിടുത്തെ തെളിനീരുറവ. ളാഹയുടെ തിലകക്കുറിയാവുകയാണ് ളാഹ മുറിതാന്നിക്കൽ ക്ഷേത്രത്തിന് സമീപത്തെ നീരൊഴുക്ക്. നൂറുകണക്കിന് ശബരിമല തീർഥാടകരുടെയും യാത്രക്കാരുടെയും ദാഹമകറ്റി മനസ്സിന് കുളിർമയേകുകയാണ് ഈ നീരുറവ. ളാഹ ഭാഗത്തെ മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന തണുത്ത വെള്ളം മുളംപാത്തി ഉപയോഗിച്ച് റോഡരികിലേക്ക് ഒഴുക്കിവിട്ടാണ് യാത്രക്കാർക്ക് ലഭ്യമാക്കുന്നത്.

ശബരിമല തീർഥാടകരും യാത്രക്കാരും പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്നതാണ് ഈ നീർച്ചാൽ. ശബരിമല സീസണിൽ കടകൾ വെക്കാൻ തുടങ്ങിയതോടെയാണ് പൈപ്പും മുളംതണ്ടുമൊക്കെവെച്ച് യാത്രക്കാർക്ക് വെള്ളം ലഭ്യമാക്കുന്ന രീതിക്ക് തുടക്കമായത്. പിന്നീട് എല്ലാക്കൊല്ലവും വേനൽ കഴിഞ്ഞു ഇതുവഴി വെള്ളം ഒഴുകാൻ തുടങ്ങുന്നതോടെ നാട്ടുകാരിൽ ആരെങ്കിലും മുളംപാത്തി സ്ഥാപിക്കും.

ളാഹ കയറ്റം കയറിവരുന്ന തീർഥാടകരും വാഹനയാത്രക്കാരും എല്ലാം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിക്കുവാൻ ഇവിടെ വാഹനം കുറെ സമയത്തേക്ക് നിർത്തിയിടാറുണ്ട്. കാഴ്ചകൾ കണ്ട് കാട്ടുചോലകളിലെ വെള്ളവും കുടിച്ചാണ് മടക്കം.

Tags:    
News Summary - The flow of water in Laha quenches the thirst of people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.