പത്തനംതിട്ട: സ്കൂൾ കായികമേളകൾ വഴിപാടായി മാറുന്നു. തട്ടിക്കൂട്ട് കായിക മേളക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നുതുടങ്ങി. സ്കൂൾതല മത്സരങ്ങൾ നടത്താതെയാണ് ഉപജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ മൂന്നും നാലും ഉപജില്ലകളുടെ മത്സരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഒരു അടുക്കും ചിട്ടയും ഇല്ലാതെയാണ് മത്സരങ്ങൾ നടന്നത്.
അടിസ്ഥാന സൗകര്യം ഒന്നും ഒരുക്കിയിരുന്നില്ല. തകർന്ന ജില്ല സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻപറ്റാത്ത അസ്ഥയാണിപ്പോൾ. കിഫ്ബിയുടെ 50 കോടിയുടെ സ്റ്റേഡിയം വികസനപദ്ധതി വർഷങ്ങളായിട്ടും ഇവിടെ നടപ്പാക്കാനായിട്ടില്ല. ചെറിയ മഴ വന്നാൽപോലും കുളമാകുന്ന സ്റ്റേഡിയമാണിത്. ഉപജില്ല മത്സരത്തിനിറങ്ങിയ പലകുട്ടികളും മത്സരത്തിനിടെ കാൽവഴുതിവീണു. ജില്ലയിൽ കായികമേള നടത്താൻ അനുയോജ്യമായ സ്റ്റേഡിയങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. അടുത്തകാലത്ത് നിർമിച്ച കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയമാണ് ഭേദപ്പെട്ടത്. എന്നാൽ, ഇവിടെയും കുട്ടികൾക്ക് വിശ്രമിക്കാനും മറ്റും സൗകര്യങ്ങളില്ല. മത്സര ട്രാക്കുകളും കുറവാണ്. അഞ്ച് സിന്തറ്റിക് ട്രാക്കുകൾ മാത്രമാണ് കൊടുമൺ സ്റ്റേഡിയത്തിലുള്ളത്.
പത്തനംതിട്ട: ഉപജില്ല സ്കൂൾ കായികമേളകളുടെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി എത്തിയത് നാലായിരത്തോളം വിദ്യാർഥികൾ. 112 ഇനങ്ങളിലായിരുന്നു മത്സരം. നാല് ഉപജില്ല മേളകൾ ഒരുമിച്ച് നടന്നെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. കോന്നി, റാന്നി ഉപജില്ലകളിലെ ട്രാക്ക് മത്സരങ്ങൾ കഴിഞ്ഞു. അതേസമയം, രണ്ട് ഉപജില്ലയിലെയും ഫീൽഡ് ഇനങ്ങൾ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊടുമൺ സ്റ്റേഡിയത്തിൽ നടക്കും. പത്തനംതിട്ട, കോഴഞ്ചേരി ഉപജില്ലകളിലെ ട്രാക്ക്-ഫീൽഡ് മത്സരങ്ങൾ അവസാനിച്ചു. എന്നാൽ, പത്തനംതിട്ടയുടെ ഹൈജംപ് മത്സരം വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിലും കോഴഞ്ചേരിയുടേത് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലും വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും. നാല് ഉപജില്ലയിലുമായി പല ഇനങ്ങളിലും ഒട്ടേറെ മത്സരാർഥികൾ ഉണ്ടായിരുന്നതിനാൽ മത്സരങ്ങൾ മണിക്കൂറുകളോളം നീണ്ടു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ചളിക്കുണ്ടായി മാറിയ ജില്ല സ്റ്റേഡിയത്തിൽ മത്സരത്തിനിടെ ധാരാളം കുട്ടികൾക്ക് തെന്നിവീണ് പരിക്കേറ്റു. അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലെ ട്രാക്കിൽ പലയിടത്തും ചളിയായിരുന്നു. ആദ്യ ദിവസം 3000 മീറ്റർ ഓട്ടമത്സരത്തിൽ ചളിയുള്ള ഭാഗത്തെ ട്രാക്ക് മാറിയാണ് കുട്ടികൾ ഓടിയത്. കാലുകൾ പലയിടത്തും ചളിയിൽ പുതഞ്ഞു. ചില കുട്ടികൾ കാൽവഴുതി. ബൂട്ട് ഇട്ടവരും ഇല്ലാത്തവരും ഒരുപോലെ കുടുങ്ങി. ലോങ് ജംപ് പിറ്റിലേക്ക് ഓടിയെത്തിയപ്പോൾ ചളി കാരണം കാൽ വഴുതിയവരും അറച്ചുപോയവരും പിന്നാക്കമായി. നാല് ഉപജില്ലയുടെയും മത്സരങ്ങൾ ഒരുമിച്ച് നടത്തേണ്ടി വന്നതോടെ സംഘാടകർ നന്നേ വെള്ളംകുടിച്ചു. മണിക്കൂറുകൾ എടുത്താണ് പലയിനങ്ങളും പൂർത്തിയാക്കിയത്. അതേസമയം, മഴമാറിയ രണ്ടാംദിനത്തിൽ വലിയ പരാതികളില്ലാതെ മത്സരങ്ങൾ നടന്നു. ഓരോ ഉപജില്ലകളിൽനിന്നുമായി 50ന് മുകളിൽ കുട്ടികളാണ് അത്ലറ്റിക്സ് മത്സരങ്ങളിൽ മാറ്റുരച്ചത്.
കഴിഞ്ഞവർഷത്തെ ഉപജില്ല-ജില്ല സ്കൂൾ കായികമേളകളുടെ നടത്തിപ്പിനായി അനുവദിച്ച ഫണ്ട് പൂർണമായും അനുവദിച്ചിട്ടില്ല. കായികമേളകൾ ഏറ്റെടുത്തു നടത്തിയവർ കടക്കെണിയിൽ തുടരുന്നതിനിടെയാണ് ഇത്തവണ ഉപജില്ല കായികമേള നടന്നത്.
വിവിധ സ്കൂളുകളിലെ കായികാധ്യാപകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉപജില്ല സെക്രട്ടറിമാർക്കും ഇവർ ചേർന്ന് തെരഞ്ഞെടുക്കുന്ന റവന്യൂ ജില്ല സെക്രട്ടറിമാർക്കുമാണ് ഉപജില്ല- ജില്ല കായികമേളകളുടെ നടത്തിപ്പുചുമതല. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ഇവരാണ് വഹിക്കുന്നത്. സർക്കാറിൽനിന്ന് തുക അനുവദിച്ചുകിട്ടാൻ വൈകുന്നതിനാൽ അധ്യാപകർ ചുമതല ഏറ്റെടുക്കാൻ മടിക്കുകയാണ്.
ഓരോ കായികമേളക്കും അനുവദിച്ച തുക ഇവർക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരും പിന്നീട് അനുവദിച്ചുനൽകുകയാണ് ചെയ്യുന്നത്. ഉപജില്ല കായികമേളക്ക് മൊത്തം ഒരുലക്ഷത്തിലധികം രൂപ ചെലവ് വരും. സർക്കാർ വിഹിതം 55,000 രൂപയാണ് ലഭിക്കുക. ബാക്കി സ്കൂളുകളുടെ രജിസ്ട്രേഷൻ ഫീസ്, അഫിലിയേഷൻ ഫീസ് എന്നിവയിൽനിന്ന് കണ്ടെത്തണം. ജില്ല കായികമേളക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് സർക്കാർ അനുവദിക്കുക. 3.50 ലക്ഷത്തോളം രൂപ ചെലവ് വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.