പത്തനംതിട്ട: ഉപജില്ല-ജില്ല സ്കൂൾ കായികമേളകളുടെ കൂടെ സംസ്ഥാന കായികമേളയും ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചത് പ്രതിസന്ധിയായി. ആവശ്യത്തിന് പരിശീലനവും വിശ്രമസമയവും ലഭിക്കാതെ മത്സരത്തിനിറങ്ങുന്ന കുട്ടികളും അവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. മത്സരങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിൽ പരിശീലനവും വിശ്രമവും കുട്ടികൾക്ക് കിട്ടാതെ പോകുന്ന സ്ഥിതിയാണ്. ഓരോ മത്സരശേഷവും ഒരാഴ്ചവിശ്രമം ലഭിക്കുന്ന രീതിയിലാണ് സാധാരണ ഷെഡ്യൂളുകൾ ക്രമീകരിക്കാറുള്ളത്. തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് പരിശീലകരായ അധ്യാപകർ പറയുന്നു. ഇതിനിടെ ചില പരീക്ഷകളും കടന്നുവരുന്നത് കുട്ടികളിൽ കടുത്ത മാനസിക സംഘർഷം സൃഷ്ടിച്ചിട്ടുണ്ട്.
പലയിടത്തും ഉപജില്ലതല മത്സരങ്ങൾ നടക്കുന്നതേയുള്ളൂ. ചില ഉപജില്ലകളിൽ തുടങ്ങിയിട്ടുമില്ല. ഇതിനിടെ കടന്നുവന്ന ശക്തമായ മഴ മത്സരങ്ങളെ വെള്ളത്തിലാക്കിയിട്ടുണ്ട്. ഇതോടെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നാല് ഉപജില്ലകളുടെയും മത്സരങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഒരുമിച്ച് നടത്തേണ്ടി വന്നു. ട്രാക്ക് ആൻഡ് ഗെയിംസ് ഇനങ്ങൾക്കായി റാന്നി-കോന്നി ഉപജില്ലകൾ സെപ്റ്റംബർ 29, 30 തീയതികളാണ് സ്റ്റേഡിയം ബുക്ക് ചെയ്തത്. പത്തനംതിട്ട-കോഴഞ്ചേരി ഉപജില്ലകൾ മൂന്ന്, നാല് തീയതികളിലും. എന്നാൽ, കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴ മൂലം സ്റ്റേഡിയത്തിൽ വെള്ളക്കെട്ടായതോടെ 29, 30 തീയതികളിൽ നിശ്ചയിച്ച മേള നടത്താനായില്ല.
ഇതോടെയാണ് മഴ മാറി നിന്ന കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് ഉപജില്ലകളുടെയും മത്സരങ്ങൾ ഒരുമിച്ച് നടത്തിയത്.
പുല്ലാട് ഉപജില്ല മത്സരം ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലും ആറന്മുള ഉപജില്ല മത്സരം കുളനട പഞ്ചായത്ത് സ്റ്റേഡിയത്തിലും ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്നു. മറ്റ് ഉപജില്ലകളിലെ മത്സരങ്ങൾ അഞ്ച്, ആറ് തീയതികളിലായും നടത്തും. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ഈ മത്സരങ്ങളുടെ ഭാവിയും. ഇതെല്ലാം തീർന്നിട്ട് വേണം ജില്ല കായികമേള നടക്കാൻ.
ഇതിനിടയിൽ സെപ്റ്റംബർ 30 മുതൽ പാലക്കാട് നടന്ന സംസ്ഥാന അമേച്വർ അത്ലറ്റിക് മീറ്റിൽ പലരും പങ്കെടുത്തിരുന്നു. ഒക്ടോബർ 15 മുതൽ 17വരെ തെലങ്കാനയിൽ ദക്ഷിണ മേഖല ജൂനിയർ മീറ്റും നടക്കുന്നുണ്ട്.
എത്ര പരിശ്രമിച്ചാലും കുട്ടികൾക്ക് നല്ലൊരു പങ്ക് മത്സരങ്ങളും നഷ്ടപ്പെടും. ഇത്തരത്തിൽ ഷെഡ്യൂളുകൾ നൽകിയാൽ മത്സരങ്ങളിലെല്ലാം തങ്ങൾ എങ്ങനെ പങ്കെടുക്കുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
അക്കാദമിക് കലണ്ടർ പ്രകാരം ഉപജില്ല, ജില്ല മത്സരങ്ങൾ ഒക്ടോബറിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാനതല മത്സരങ്ങൾ നവംബർ-ഡിസംബർ മാസങ്ങളിലും. എന്നാൽ, പെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സംസ്ഥാനതല മത്സരങ്ങൾ നവംബർ 16 മുതൽ 20വരെ കുന്നംകുളത്ത് നടത്താൻ തീരുമാനിച്ചത്. ഇതും വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഒക്ടോബർ 25 മുതൽ നവംബർ ഒമ്പതുവരെ ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തിൽനിന്നുള്ള ഒഫീഷ്യലുകൾക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന കായികമേള നേരത്തേയാക്കാൻ തീരുമാനിച്ചതെന്നാണ് കായിക അധ്യാപകരുടെ ആരോപണം.
ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലായിരുന്നു ജില്ലതല കായിക മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഇതിനിടെ അധ്യാപകരുടെ ക്ലസ്റ്റർ യോഗവും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഇംപ്രൂമെൻറ് പരീക്ഷകളും കടന്നുവന്നതോടെ മത്സരങ്ങൾ ഒക്ടോബർ 8, 9, 14 തീയതിയിലേക്ക് മാറ്റി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം ഏഴിനാണ് നിശ്ചയിച്ചത്.
ഹയർസെക്കൻഡറി പ്ലസ് വൺകാരുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ ഒമ്പത് മുതൽ 13 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയും മത്സരങ്ങളും അടുത്തടുത്ത ദിവസങ്ങളിലായതോടെ കുട്ടികൾക്ക് വലിയ മാനസിക സമ്മർദമുണ്ടാക്കുന്നുണ്ട്. അധ്യാപകരും എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.
മത്സരങ്ങൾക്കിടയിലെ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ഇവർ സർക്കാർ തലത്തിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.