പത്തനംതിട്ട: ഇടവേളക്കുശേഷം കനത്തെങ്കിലും കാലവർഷ മഴക്കണക്കിൽ ജില്ല പിന്നിൽ. ജൂൺ ഒന്നുമുതൽ ബുധനാഴ്ചവരെ ജില്ലയിൽ പെയ്തത് പ്രതീക്ഷിച്ചതിനേക്കാൾ 10 ശതമാനം കുറവ് മഴ. കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് 771.2 മില്ലിമീറ്റർ മഴയായിരുന്നു പത്തനംതിട്ടയിൽ ലഭിക്കേണ്ടതെങ്കിലും ഇതുവരെ പെയ്തത് 697.7 മില്ലി മീറ്റർ മാത്രം.
നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തിരിക്കുന്നത് കണ്ണൂരിലാണ്. 14 ശതമാനം അധികമഴയാണ് അവിടെ ലഭിച്ചിരിക്കുന്നത്. ഇത്തവണ കാലവർഷം സാധാരണയിൽനിന്ന് എട്ട് ദിവസം മുമ്പ് എത്തിയിരുന്നു. ആദ്യദിവസങ്ങളിൽ മികച്ച മഴയാണ് ജില്ലയിൽ ലഭിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ മഴയും പത്തനംതിട്ടയിലായിരുന്നു. നദികളിലടക്കം ജലനിരപ്പ് വലിയതോതിൽ ഉയരുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് മഴ കുറയുകയായിരുന്നു. ചില ദിവസങ്ങളിൽ പൂർണമായി മഴ വിട്ടുനിന്നു. ഇതാണ് മഴക്കണക്കിൽ ജില്ല പിന്നിലാകാൻ കാരണമെന്നാണ് വിലയിരുത്തൽ. വീണ്ടും മഴ ശക്തിയാർജിച്ചതോടെ അളവിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.