പത്തനംതിട്ട: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാനെത്തിയപ്പോൾ ഡിവൈ.എസ്.പി ക്രൂരമായി മർദിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരൻ രംഗത്ത്. കൊടുമൺ അങ്ങാടിക്കൽ തുണ്ടിയിൽപടി തുണ്ടിയിൽ വീട്ടിൽ പി. ജോയിയാണ് (67) പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
2016 നവംബറിലായിരുന്നു സംഭവം. ഭാര്യക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ്സ്റ്റാൻഡിൽനിന്ന് കളഞ്ഞുകിട്ടിയ ഫോൺ പൊലീസിന് കൈമാറാൻ പോയപ്പോഴായിരുന്നു ദുരനുഭവമെന്ന് ജോയി പറയുന്നു. അന്ന് പത്തനംതിട്ട ഡിവൈ.എസ്.പിയായിരുന്ന കെ.എ. വിദ്യാധരനാണ് മർദിച്ചത്. ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദിച്ചത്. കാലിനും നടുവിനും സ്വാധീനമില്ലെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു. ക്രൂരമർദനത്തെതുടർന്ന് മൂന്നുവർഷത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാധരൻ നിലവിൽ പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. ഫിഷറീസ് വകുപ്പ് മുൻ ജീവനക്കാരനായ ജോയി കേരള കാരുണ്യ ഭിന്നശേഷി സംസ്ഥാന പ്രസിഡന്റാണ്. സംഭവത്തെതുടർന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കും അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തിയെങ്കിലും വിദ്യാധരന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞദിവസങ്ങളിലായി വീണ്ടും പൊലീസ് മർദനങ്ങൾ വാർത്തകളിൽനിറഞ്ഞതോടെ ജോയി വീണ്ടും ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.