വിവരാവകാശത്തോട്​ മുഖംതിരിച്ച്​ പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: വിവിധ വിഷയങ്ങളിൽ പൊതുജനം നൽകുന്ന വിവരാവകാശ അപേക്ഷകളിൽ വിവാദമാകാൻ സാധ്യതയുള്ളതിൽ കൃത്യമായ വിവരം നൽകാതെ അപേക്ഷകനെ ചുറ്റിക്കുന്ന പത്തനംതിട്ട നഗരസഭ നിലപാട് ചോദ്യംചെയ്യപ്പെടുന്നു. അഞ്ചു വർഷം കഴിഞ്ഞിട്ടും വിവരാവകാശ മറുപടികൾ വലിച്ചുനീട്ടുന്നത് നിയമത്തെ വെല്ലുവിളിക്കലാണെന്ന് സംസ്ഥാന വിവരാവകാശ കമീഷനും വിലയിരുത്തുന്നു.

വയലാൽ ചുറ്റപ്പെട്ട ജില്ല ആസ്ഥാനത്തെ പാടം നികത്തിയ കെട്ടിട-റോഡ് നിർമാണങ്ങൾ, വയൽ തണ്ണീർത്തട സംരക്ഷണ നിയമലംഘനങ്ങൾ തുടങ്ങി വ്യവഹാരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ള രേഖകളാണ് കൈമാറാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്നത്. ചില അപേക്ഷകളിൽ അപൂർണ വിവരങ്ങൾ കൈമാറി ആവശ്യപ്പെട്ട രേഖകൾ ഒളിപ്പിക്കും.

ഓഫിസ് മാറിയതിനിടെയും മുൻ ഉദ്യോഗസ്ഥരുടെ അശ്രദ്ധയും മൂലം ഫയലുകൾ കാണാനില്ലെന്ന സ്ഥിരം മറുപടിയാണ് നഗരസഭ വിവരാവകാശ ഓഫിസറും ഒന്നാം അപ്പീൽ അധികാരിയായ നഗരസഭ സെക്രട്ടറിയും നൽകുന്നത്. രണ്ടാം അപ്പീൽ അധികാരി കൂടിയായ സംസ്ഥാന വിവരാവകാശ കമീഷ‍െൻറ വിവിധ തെളിവെടുപ്പുകളിൽ നഗരസഭ ഉദ്യോഗസ്ഥരുടെ സ്ഥിരം പല്ലവിയും ഇതാണ്.

30 ദിവസമെന്ന നിയമാനുസൃത കാലയളവ് വരെ കാത്തുനിൽക്കാതെ അപേക്ഷകളിൽ എത്രയും പെട്ടെന്ന് വിവരങ്ങൾ പൊതുജനത്തിന് കൈമാറണമെന്ന് നവംബർ 24ന് പത്തനംതിട്ട കലക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം കർശന നിർദേശം നൽകിയിരുന്നു. 2018ൽ നൽകിയ അപേക്ഷയിൽ അഞ്ച് വർഷത്തോട് അടുത്തിട്ടും വ്യക്തമായ മറുപടി നൽകാത്ത വിഷയത്തിൽ നഗരസഭയിലെ രണ്ട് അസി. എൻജിനീയർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കമീഷണർ ഉത്തരവിട്ടിരുന്നു.

ഏതാനും വർഷം മുമ്പ് നിർമിച്ച ആനപ്പാറ-തോലിയാനിക്കര റോഡ് നിർമാണ വിവരങ്ങൾ തേടിയ വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറക്ക് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പേരിലാണ് പത്തനംതിട്ട നഗരസഭ അസി. എൻജിനീയറും നിലവിലെ വിവരാവകാശ ഉദ്യോഗസ്ഥയുമായ അനിത കുമാരി, നഗരസഭ മുൻ വിവരാവകാശ ഉദ്യോഗസ്ഥനും പീരുമേട് പഞ്ചായത്ത് അസി. എൻജിനീയറുമായ കെ.ജി. വിനു എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.

നവംബർ 24ന് നടന്ന തെളിവെടുപ്പിൽ നഗരസഭയിലെ വിവരാവകാശ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന സാബു, ആനി തോമസ്, എസ്. ബിന്ദു എന്നിവരെ കമീഷൻ വിളിച്ചുവരുത്തിയിരുന്നു. മറുപടി നൽകുന്നതിൽ ഇവർ നിഷേധാത്മകവും നിരുത്തരവാദപരവുമായ സമീപനമാണ് സ്വീകരിച്ചതെന്നും കമീഷന് ബോധ്യപ്പെട്ടു. നഗരസഭ റിപ്പോർട്ട് നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നഗരകാര്യ ഡയറക്ടർക്കും പഞ്ചായത്ത് ഡയറക്ടർക്കും കമീഷണർ നിർദേശം നൽകി. എന്നാൽ, കമീഷണർ ഉത്തരവിട്ടിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അപേക്ഷകൻ റഷീദ് ആനപ്പാറ പറഞ്ഞു.

കണ്ണങ്കര ജങ്ഷനിലെ തോടിനു സമീപം വയൽ നികത്തി നിർമിച്ച കെട്ടിടത്തി‍െൻറ രേഖകൾ ചോദിച്ച് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തക ഒരുവർഷം മുമ്പ് നൽകിയ അപേക്ഷയിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. 10 വർഷം മുമ്പ് നിർമിച്ച് നമ്പർ നൽകിയ കെട്ടിടത്തി‍െൻറ രേഖകൾ ത‍െൻറ മുൻഗാമികൾ നശിപ്പിച്ചെന്നാണ് ഒക്ടോബർ 15ന് നടന്ന തെളിവെടുപ്പിൽ വിവരാവകാശ കമീഷണർ പി.ആർ. ശ്രീലതയെ, നഗരസഭയെ പ്രതിനിധാനം ചെയ്ത അസി. എൻജിനീയർ അനിത കുമാരി അറിയിച്ചത്.

രേഖകൾ നശിപ്പിച്ച സംഭവത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് അറിയിച്ച കമീഷൻ എത്രയും പെട്ടെന്ന് രേഖകൾ നൽകാൻ ഉത്തരവ് നൽകിയിട്ടും ഇതുവരെ മറുപടി കിട്ടിയില്ലെന്ന് പി.എച്ച്. നിഷ മോൾ അറിയിച്ചു. നഗരസഭ കേന്ദ്രീകരിച്ച ഭൂ-കെട്ടിട മാഫിയയും ഉദ്യോഗസ്ഥരും ചേർന്ന് ഒത്തുകളിക്കുന്നതിനെ കമീഷൻ ശക്തമായി വിമർശിച്ചിരുന്നു. നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ അനധികൃത കെട്ടിടങ്ങളുടെ രേഖകൾ നശിപ്പിക്കപ്പെട്ടതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ വിഷയം നഗരസഭ കൗൺസിലിൽ പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ ചേർന്ന് മൂടിവെക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Pathanamthitta Municipal Corporation not consider RTI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.