പത്തനംതിട്ട അണ്ണായിപ്പാറയിൽ നിർമാണം പൂർത്തിയാകുന്ന ജില്ല ഭക്ഷ്യ പരിശോധന ലാബ്
പത്തനംതിട്ട: പാൽ അടക്കമുള്ളവയുടെ ഗുണനിലവാരം പരിശോധിക്കാൻ ലക്ഷ്യമിട്ട് ജില്ല ആസ്ഥാനത്ത് നിർമിക്കുന്ന ജില്ല ഭക്ഷ്യ പരിശോധന ലാബ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പത്തനംതിട്ട അണ്ണായിപ്പാറയിലെ 11 സെന്റ് സ്ഥലത്ത് 2023 നവംബറിലാണ് ലാബിന്റെ നിർമാണം ആരംഭിച്ചത്. നിലവിൽ ജോലികൾ അന്തിമഘട്ടത്തിലാണ്. ഈ മാസം ലാബിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.
പാൽ, പാൽ ഉൽപന്നങ്ങൾ, എണ്ണ, പഴം, പച്ചക്കറി, മുട്ട, മത്സ്യം, മാംസം, പൊടികൾ, ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ് തുടങ്ങി ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിന്റെ ഭാഗമാകുന്ന എന്തും പരിശോധിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലാബിലൂടെ കഴിയും. 3.10 കോടി ചെലവിൽ മൂന്ന് നിലയിലുള്ള കെട്ടിടമാണ് പൂർത്തിയായിരിക്കുന്നത്. കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി.സി) ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ഒന്നാംനിലയിൽ ഓഫിസ്, മൈക്രോബയോളജി ലാബ്, സ്റ്റോർ, ശുചിമുറി എന്നിവയും രണ്ടാംനിലയിൽ ലാബും മൂന്നാം നിലയിൽ വിശദ പരിശോധനക്കുള്ള അത്യാധുനിക ഉപകരണങ്ങളുമാണുള്ളത്. മുൻകാലങ്ങളിൽ ഭക്ഷ്യപരിശോധനക്ക് തിരുവനന്തപുരത്തെ ലാബിനെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു.
പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ഒമ്പത് തസ്തികയും സർക്കാർ അനുവദിച്ചു. മേയ് ഏഴിന് ചേർന്ന മന്ത്രിസഭ യോഗമാണ് തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചത്. ക്ലർക്ക് -ഒന്ന്, ഗവ. അനലിസ്റ്റ് -ഒന്ന്, ജൂനിയർ റിസർച് ഓഫിസർ -രണ്ട്, മൈക്രോ ബയോളജി റിസർച്ച് ഓഫിസർ -ഒന്ന്, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 -രണ്ട്, ലാബ് അസിസ്റ്റന്റ് -രണ്ട് എന്നിങ്ങനെ പത്തനംതിട്ടക്ക് അനുവദിച്ച തസ്തികകൾ.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സ്റ്റാറ്റ്യൂട്ടറി, സർവെയ്ലൻസ് സാമ്പിൾ, വി.വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ട ഭക്ഷ്യസാമ്പിൾ, പൊതുജനങ്ങളിൽനിന്ന് പരിശോധനക്ക് നൽകുന്നവ, റെയിവേ ഭക്ഷ്യ സുരക്ഷ വിഭാഗം നൽകുന്ന സാമ്പിൾ, ആശുപത്രികളിൽനിന്നുള്ളവ എന്നിങ്ങനെ വിവിധ തരത്തിൽ ലഭിക്കുന്നവ ലാബിൽ പരിശോധിക്കും.
സർക്കാർ അംഗീകരിച്ച നിരക്ക് നൽകണം. ജില്ലയിൽനിന്ന് ഇപ്പോൾ 40 സാമ്പിളുകളെങ്കിലും ഒരു മാസം പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനഫലം ലഭിക്കുക. പത്തനംതിട്ടയിൽ ലാബ് സജ്ജമാകുമ്പോൾ വേഗത്തിൽ ഫലം ലഭിക്കുമെന്ന് അധികൃതർ പറയുന്നു.
പത്തനംതിട്ട: ജില്ല ഭക്ഷ്യപരിശോധന ലാബ് ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ, സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കോന്നി സി.എഫ്.ആർ.ഡി ലാബ് നോക്കുകുത്തിയാകുന്നു.
10 കോടിയോളം ചെലവഴിച്ചാണ് ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനക്ക് ലോകോത്തര നിലവാരമുള്ള കോന്നി സി.എഫ്.ആർ.ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡെവലപ്മെന്റ്) ആരംഭിച്ചത്. 15,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിലാണ് കോന്നി ലാബ് പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാറിന്റെയും രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെടുന്ന എൻ.എ.ബി.എൽ അംഗീകാരമുള്ള അംഗീകാരമുള്ള സംസ്ഥാനത്തെ ഒന്നാംകിട ലാബാണിത്. പ്രതിദിനം 200 സാമ്പിൾ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ, പേരിനുമാത്രമാണ് പരിശോധന. നിലവിൽ ശബരിമലയിലെ വഴിപാട് സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ തിരുവനന്തപുരത്തെ ലാബിലേക്കാണ് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.