പദ്മ
പന്തളം: മാതാപിതാക്കളുടെ ശിക്ഷണത്തിൽ മോണോ ആക്ടിന് മൂന്നാം തവണയും പദ്മ എ ഗ്രേഡ് നേടി. പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടൂ വിദ്യാർഥിനിയായ പദ്മ ഇതോടെ സ്കൂൾ കലോത്സവ വേദിയിൽ നിന്ന് പടിയിറങ്ങുകയാണ്.
ഇക്കുറിയും മോണോ ആക്ടിന് ഫസ്റ്റ് എ ഗ്രേഡ് ആണ് സ്വന്തമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്നത്.പഹൽഗാമിലെ ഭീകരാക്രമണത്തിനിരയായ ഹിമാൻഷിയുടെ ജീവിതാനുഭവങ്ങൾ ആസ്പദമാക്കിയുള്ള ആവിഷ്കാരത്തിനാണ് എ ഗ്രേഡ്. അച്ഛനും ഇംഗ്ലീഷ് നോവലിനുള്ള 2021 ലെ ഇന്ത്യൻ പ്രൈം ഓരെ അവാർഡ് ജേതാവും എം.ജി. സർവകലാശാല സെക്ഷൻ ഓഫിസറുമായ ഡോ.രതീഷ് കുമാറിന്റെ രചനയിൽ അമ്മയും ബി.എഡ് കോളജ് അധ്യാപികയും റിസോഴ്സ് പേഴ്സനുമായ പ്രിയത ഭരതൻ ചിട്ടപ്പെടുത്തിയ മോണോ ആക്ടാണ് പദ്മയ്ക്ക് മൂന്നാം തവണയും അംഗീകാരം നേടിക്കൊടുത്തത്.രണ്ടാം ക്ലാസ് മുതൽ സ്കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ നേടിയിരുന്നു.. ഡൽഹിയിൽ നടന്ന ദേശീയ കലാ ഉത്സവിൽ എകപാത്ര നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ജീവിതനുഭവങ്ങൾ ആസ്പദമാക്കിയാണു നാടകം തയാറാക്കിയത്. നാടോടി നൃത്തം, കഥാപ്രസംഗം, നാടകം എന്നിവയിലും ജില്ലതലത്തിൽ സമ്മാനങ്ങൾ നേടി. ശാസ്ത്രമേളയിലും ഒന്നാം സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മോണോആക്ട് പരിശീലിപ്പിക്കുന്നത് അമ്മയാണ്.
അമ്മ സംവിധാനം ചെയ്ത നിരവധി നാടകങ്ങളിലും അഭിനയിച്ചു. വൈ.ഐ.പി. ശാസ്ത്രപഥത്തിൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാന തലത്തിൽ സഹപാഠി സായി മാധവ് ഒരുമിച്ചുള്ള ടീമിൽ പങ്കാളിയായി. സമകാലിക വിഷയങ്ങളാണ് മോണോ ആക്ടിനു തിരഞ്ഞെടുക്കുന്നത്. വാളയാർ പെൺകുട്ടികളുടെ മരണം, ഇലന്തൂർ നരബലി, ഗാസയിലെ ഗർഭിണി തുടങ്ങിയ വിഷയങ്ങളാണ് സംസ്ഥാന കലോത്സവത്തിൽ മുമ്പ് അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ പത്തനംതിട്ട ജില്ല കലോത്സവ നാടക മത്സരത്തിൽ മികച്ച നടിയായി.
അനുജത്തി പാർഥ ഇത്തവണ ജില്ലതലത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനും ആദ്യകാല ’മാധ്യമം’ ഏജൻറുമായിരുന്ന അന്തരിച്ച പന്തളം ഭരതന്റെ ചെറുമകളാണ് പദ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.