എസ്- ഷെരീഫ് (കോൺ) മണ്ഡലം പ്രസി., എ. ഫിറോസ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്ര., എൻ.രതീഷ് കുമാർ ബി.ജെ.പി മണ്ഡലം പ്രസി.
പന്തളം: തെക്കൻ കേരളത്തിൽ ആദ്യമായി ബി.ജെ.പി ഭരണത്തിലേറിയ പന്തളം നഗരസഭയിൽ ഇക്കുറി മൂന്നു മുന്നണികളും തീപാറുന്ന പോരാട്ടത്തിലാണ്. ചരിത്രം കുറിച്ചു പിടിച്ചെടുത്ത ഭരണം നിലനിർത്താൻ ബി.ജെ.പി കൈ മെയ് മറന്ന് ഇറങ്ങുമ്പോൾ മാറ്റത്തിന്റെ കൊടി പറത്താൻ ഉറച്ചു കൊണ്ടുപിടിച്ച അധ്വാനത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും.
നഗരസഭയിൽ ഇക്കുറി യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. മുൻകാലങ്ങളിൽ അപേക്ഷിച്ചു സ്ഥാനാർഥി നിർണയം വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. മാസങ്ങൾക്കു മുമ്പ് മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ജയസാധ്യതയുള്ള ഡിവിഷനുകളിൽ സ്ഥാനാർഥിയെ നേരത്തെ കണ്ടെത്തി.
ബി.ജെ.പിയുടെ നഗരസഭാ ഭരണം അവസാനിപ്പിക്കാൻ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ കോൺഗ്രസ് അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള സമകാലിക സംഭവവികാസങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പതിനഞ്ചോളം ഡിവിഷനുകളിൽ ബി.ജെ.പിയും യു.ഡി.എഫും നേർക്കുനേർ മത്സരമാണ്. പലയിടത്തും എൽ.ഡി.എഫ് അപ്രത്യക്ഷമാണ്.
പിണറായി സർക്കാറിന്റെ ജനോപകാരപ്രദമായ പദ്ധതികൾ താഴെത്തട്ടിൽ സാധാരണക്കാർക്ക് ഗുണം ചെയ്തതിന്റെ ആനുകൂല്യത്തിൽ നഗരസഭയിൽ എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്ന് സി.പി.എം പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ഫിറോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചുവർഷത്തെ ബി.ജെ.പി ഭരണത്തിനെതിരായ ജനവികാരം എൽ.ഡി.എഫിന് അനുകൂലമാകും. എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ താഴെത്തട്ടുകളിൽ പ്രവർത്തനങ്ങൾ സജ്ജമാണ്. എല്ലാ ഡിവിഷനിലും മത്സരം കടുത്തതാണ്. നഗരസഭ രൂപവത്കൃതമായതിനു ശേഷം എൽ.ഡി.എഫ് ആണ് ആദ്യം അധികാരത്തിൽ എത്തിയത്. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ ഇക്കുറി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് തുടർ ഭരണം ഉറപ്പാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ. രതീഷ് കുമാർ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫും യു.ഡി.എഫും ഇന്ത്യ മുന്നണി സഖ്യം പോലെയാണ് പല ഡിവിഷനിലും മത്സരിക്കുന്നത്. 22 മുതൽ 25 വരെ സീറ്റ് ബി.ജെ.പി നേടും, നിലവിലെ ബി.ജെ.പി നഗരസഭാ ഭരണത്തിന്റെ വിലയിരുത്തലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബി.ജെ.പി നഗരസഭ നിലനിർത്തുമെന്നതിൽ സംശയമില്ല. തിളക്കമാർന്ന ജയം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.