അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കൈ​പ്പു​ഴ ഭാ​ഗ​ത്ത് ആ​റ്റു​തീ​രം ഇ​ടി​യു​ന്നു

മഴ കനത്തു; പന്തളത്ത് ജാഗ്രത നിർദേശം

പന്തളം: മഴ കനത്തതോടെ പന്തളത്ത് ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലും മഴ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാകും.മരങ്ങൾ കടപുഴകാനും ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ട്. നഗരപരിധിയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വെള്ളക്കെട്ടാണ്. പകർച്ചവ്യാധികളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

അച്ചൻകോവിലാറിന്റെ തീരത്ത് ആശങ്ക വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണുണ്ടായത്. ജലനിരപ്പ് രണ്ടടിയോളം ഉയർന്നു. ശക്തമായ ഒഴുക്കാണ്. പെയ്ത്തുവെള്ളം പലഭാഗങ്ങളിലും ആറ്റിലേക്ക് കുത്തിയൊഴുകുന്നത് തീരം ഇടിയാൻ കാരണമാകുന്നു. 2018ലും തുടർന്നുള്ള വർഷങ്ങളിലുമുണ്ടായ വെള്ളപ്പൊക്കമാണ് ജനങ്ങളെ ആശങ്ക‍യിലാക്കുന്നത്. ആറ്റുതീരത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്.

പല വീടുകളും ആറ്റിലേക്കിടിഞ്ഞുപോകാവുന്ന അവസ്ഥയിലാണ്. ഇവിടെയൊന്നും തീരസംരക്ഷണ പ്രവർത്തനം നടന്നിട്ടില്ല. വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടികൾ ജില്ലയിലെ എല്ലാ നദികളിലും നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി അച്ചൻകോവിലാറിന്റെ കൈവഴികളിൽനിന്നുള്ള മണ്ണ് മാറ്റുന്ന നടപടി ഐരാണിക്കുടിയിൽ നടന്നുവരുന്നു. സംസ്ഥാനത്തെ നദികളിൽനിന്നു 2018 മുതലുള്ള പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പണി ആരംഭിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന കരിങ്ങാലി വലിയതോടിന്റെ അച്ചൻകോവിലാറിനോട് ചേർന്നുകിടക്കുന്ന ഭാഗത്തുള്ള മൂവായിരത്തിലധികം ഘനമീറ്റർ മണ്ണ് നീക്കംചെയ്യുന്ന ജോലിയാണ് നടന്നുവരുന്നത്. ഒഴുക്ക് സുഗമമാക്കാൻ ആറ്റിലെ മൺകൂനകൾ നീക്കംചെയ്യുന്ന ജോലി 2020ൽ നടത്തിയിരുന്നു.

Tags:    
News Summary - The rain was heavy; Warning at pandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.