പന്തളത്ത് മോഷണപരമ്പര

പന്തളം: നഗര ഹൃദയത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ബേക്കറിയിൽനിന്ന് 50,000 രൂപ അപഹരിച്ചു. എൻ.എസ്.എസ് കോളേജിന് എതിർവശത്തെ ആറോളം കടകളിലാണ് ഒറ്റരാത്രി മോഷണം നടന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ബൂഫിയ ബേക്കറിയിൽ നിന്നാണ് 50,000 രൂപ കവർന്നത്. പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് സി..സി.ടി.വി കാമറ പൂർണമായും നശിപ്പിച്ചു . മോഷണം കഴിഞ്ഞിറങ്ങിയ മോഷ്ടാവ് കട പൂട്ടിട്ട് പൂട്ടി.

എൻ.എസ്.എസ് കോളജിന് എതിർവശം പ്രവർത്തിച്ചിരുന്ന എം.ജി. ദന്തൽ ക്ലിനിക്ക്, ഇതേ കെട്ടിടത്തിന്റെ താഴ്ഭാഗത്ത് പ്രവർത്തിച്ചിരുന്ന ബ്രഡ് ലയിൽ കഫേ, വിദ്യഭവൻ ബുക്ക് സ്റ്റാൾ, യു.ഡി. മെൻസ് ഫാഷൻ സ്റ്റോർ, മണിമുറ്റത്ത് ഫൈനാൻസ് എന്നിവിടങ്ങളിലാണ് മോഷണശ്രമം. ഇവിടങ്ങളിലെ സി.സി.ടി.വി. കാമറകൾ പൂർണമായും നശിപ്പിച്ചു. യു.ഡി മെൻസ് ഫാഷൻ സ്റ്റോറിന്‍റെ ഗ്ലാസ് പൊളിച്ചാണ് അകത്തുകയറിയത്.

മണിമുറ്റത്ത് ഫൈനാൻസിലെയും കാമറ നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30ഓടെ ഇവിടേക്ക് മോഷ്ടാവ് എത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൈലിയുടുത്ത് എത്തിയ മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി സി.സി.ടി.വി. ക്യാമറ നശിപ്പിക്കുന്നത് വ്യക്തമായി കാണാം. ചില കടകളുടെ ഗ്ലാസ് തകർത്തും പൂട്ടുകൾ പൊളിച്ചുമാറ്റിയുമാണ് മോഷ്ടാവ് അകത്തുകടന്നത്. ഒന്നിലേറെ ആളുകളെ കാമറയിൽ വ്യക്തമാണ്.

നഗര ഹൃദയത്തിലെ മോഷണ പരമ്പര നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പത്തനംതിട്ടയിൽനിന്ന് വിരൽ അടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. ജാക്കി എന്ന പൊലീസ് നായ മണം പിടിച്ച് സമീപത്തെ ധനലക്ഷ്മി ബാങ്കിന്‍റെ സമീപം വരെ എത്തി. കഴിഞ്ഞ എട്ടിന് കുരമ്പാലയിലെ നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. ഒരു വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ രാത്രിയിലെ മഴയും വൈദ്യുതി മുടക്കവും മോഷ്ടാക്കൾക്ക് സഹായകരമായെന്നാണ് കരുതുന്നത്. പന്തളം എസ്.എച്ച്.ഒ പി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് ഊർജിത അന്വേഷണം തുടരുകയാണ്.

മോഷ്ടാക്കൾ വിലസുന്നു; അനങ്ങാതെ പൊലീസ്

പന്തളം: മോഷ്ടാക്കള്‍ വിലസുമ്പോഴും പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. ഒരു മാസത്തിനിടെ കുരമ്പാലയിലും പന്തളത്തുമായി പത്തോളം സ്ഥലങ്ങളിലാണ് മോഷണശ്രമം നടന്നത്. രണ്ടിടത്ത് മോഷണവും നടന്നു. ദിവസങ്ങൾക്ക് മുമ്പ് കുരമ്പാലയിൽ ആറു വീടുകളിൽ മോഷണശ്രമവും ഒരു വീട്ടിൽ മോഷണവും നടന്നു.

വെള്ളിയാഴ്ച പന്തളം എൻ.എസ്.എസ് കോളജിന് സമീപം അഞ്ചു കടയിൽ മോഷണശ്രമവും ഒരു കടയിൽ മോഷണവുമുണ്ടായി. സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്‍റെ ചിത്രം പതിഞ്ഞിട്ടും പ്രതിയിലേക്ക് എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷണം വ്യാപിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കുരമ്പാലയിൽ പുറകുവശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളിൽ കയറിയത്.

മോഷണം പെരുകുമ്പോഴും പൊലീസിന് വാഹനപരിശോധനയിൽ മാത്രമാണു ശ്രദ്ധയെന്നാണാക്ഷേപം. മേലുദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാനും പെറ്റിക്കേസുകൾ തികയ്ക്കാനുമാണിത്.

എത്തിയത് മുഖം മറയ്ക്കാതെ; ബേക്കറിയിൽനിന്ന് ഐസ്ക്രീമും കഴിച്ചു

പന്തളം: ബൂഫിയ ബേക്കറിയിൽ മോഷണം നടത്തിയ മോഷ്ടാവ് ഐസ്ക്രീമും കഴിച്ചു. മുഖം മറക്കാതെയാണ് മോഷ്ടാവ് എത്തിയത്. രണ്ടംഗ സംഘത്തിലെ ഒരാൾ കടയുടെ പൂട്ട് പൊളിച്ചകത്തു കയറുകയായിരുന്നു. മറ്റൊരാൾ കാവൽ നിന്നു. ബേക്കറിക്കുള്ളിൽ കടന്ന് ഐസ്ക്രീം കഴിച്ചശേഷം പണവും എടുത്തു. ശേഷം ഇരുവരും കട പൂട്ടി മടങ്ങുന്നതായാണ് സി.സി. ടി.വി. ദൃശ്യങ്ങളിലുള്ളത്.

രാത്രി 11.30 ഓടെ കാവി കൈലിയുടുത്ത ഉയരം കുറഞ്ഞ ഒരാളും ഉയരമുള്ള പാന്‍റ്സ് ധരിച്ച ആളും ബേക്കറിയുടെ മുന്നിലെത്തി നാലു ഭാഗവും നിരീക്ഷിച്ചു. തുടർന്ന് മുഖം മറക്കാതെ തന്നെ കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു.  


Tags:    
News Summary - Series of theft recorded in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.