പന്തളം നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്കെത്തിയ വരണാധികാരി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ
എ.എസ്. നൈസാം. സെക്രട്ടറി ഇ.ബി. അനിത സമീപം
പന്തളം: ബി.ജെ.പിയിലെ പടലപ്പിണക്കങ്ങൾ ഉരുണ്ടുകൂടി പൊട്ടിത്തെറിയായി പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ട തെക്കൻ കേരളത്തിലെ ഏക നഗരസഭയിൽ പന്തളത്ത് നാടകീയ നീക്കങ്ങളുമായി മുന്നണികൾ. നഗരസഭ ഭരണം പിടിക്കാൻ അണിയറയിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് പ്രതിപക്ഷം. അതേസമയം, പ്രശ്നങ്ങൾ പരിഹരിച്ച് ഭരണം നിലനിർത്താനാണ് ബി.ജെ.പി ശ്രമം. ഭൂരിപക്ഷം ഉണ്ടായിട്ടും ബി.ജെ.പി ഭരണസമിതിയിലെ ചെയർപേഴ്സൻ, ഡെപ്യൂട്ടി ചെയർപേഴ്സൻ എന്നിവർ രാജിവച്ചതിനെ തുടർന്ന് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കുന്ന പന്തളം നഗരസഭയിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ മുന്നണികളിൽ തിരക്കിട്ട ചർച്ചകളാണ്.
ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്നും ജില്ല പ്രസിഡന്റ് വി.എ. സൂരജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇടഞ്ഞു നിൽക്കുന്ന മൂന്ന് കൗൺസിലർമാരെ ഒപ്പംനിർത്താനും ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്കരിച്ചു വരുകയാണ്. പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ബി.ജെ.പി സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. പ്രഭയെ തിരികെ പാർട്ടിയിൽ എത്തിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഭരണസമിതിയിൽ ചെയർപേഴ്സനെയും ഡെപ്യൂട്ടി ചെയർപേഴ്സനെയും മാറ്റിയാൽ പാർട്ടിയുമായി സഹകരിക്കാമെന്ന് ബി.ജെ.പി വിമതർ നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അവിശ്വാസപ്രമേയ നോട്ടീസ് നൽകിയതിനെ തുടർന്ന് ബി.ജെ.പി നൽകിയ വിപ്പ് മൂവരും കൈപ്പറ്റിയിരുന്നു. എന്നാൽ, തുടർന്നുള്ള ചർച്ചകളിൽനിന്നും മൂവരും പങ്കെടുക്കാത്തതിനെ തുടർന്നാണ് രാജിവെക്കാൻ ജില്ല നേതൃത്വം നിർദേശം നൽകിയത്. സസ്പെൻഷൻ പിൻവലിച്ച് കെ.വി. പ്രഭയെ ഒപ്പംനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി ആലോചിക്കുന്നത്. കെ.വി. പ്രഭയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ഭൂരിപക്ഷം ബി.ജെ.പി കൗൺസിലർമാരും വിയോജിപ്പാണ്. ഇത് എങ്ങനെ മറികടക്കും എന്നാണ് ജില്ല നേതൃത്വം പരിശോധിക്കുന്നത്.
വിമതരെ ഒപ്പം കൂട്ടി യു.ഡി.എഫ് സഹായത്തോടെ എൽ.ഡി.എഫും മത്സരത്തിന് തയാറെടുക്കുകയാണ്. എന്നാൽ, ബി.ജെ.പിയെ അകറ്റിനിർത്താൻ ഭരണത്തിൽ പങ്കാളിയാകാതെ യു.ഡി.എഫ് ഉപാധികളില്ലാതെ പിന്തുണക്കും. ഇനി ഭരണസമിതിയുടെ കാലാവധി തീരാൻ ഒരുവർഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. ചെയർമാൻ, ഡെപ്യൂട്ടി ചെയർപേഴ്സൻ എന്നീ പദവിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിമതരുടെ നീക്കം നിർണായകമായിരിക്കും. 33 അംഗ കൗൺസിലിൽ ബി.ജെ.പി- 18, എൽ.ഡി.എഫ്- ഒമ്പത്, യു.ഡി.എഫ്- അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പന്തളം: നഗരസഭയിൽ ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് പുതിയ ചെയർപേഴ്സനെയും ഡെപ്യൂട്ടി ചെയർപേഴ്സനെയും 15 ദിവസത്തിനകം തെരഞ്ഞെടുക്കുമെന്ന് വരണാധികാരി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ എ.എസ്. നൈസാം പറഞ്ഞു.
എൽ.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയ ചർച്ചക്ക് എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, ബുധനാഴ്ച അവകാശപ്രമേയ ചർച്ച നടക്കാനിരിക്കെ ചൊവ്വാഴ്ച വൈകീട്ട് ചെയർപേഴ്സൻ സുശീല സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യയും രാജിവെക്കുകയായിരുന്നു. തുടർന്ന് അവിശ്വാസ പ്രമേയം റദ്ദാക്കിയതായി വരണാധികാരി അറിയിച്ചു.
പിന്നീട് നടന്ന കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ചും ചെയർമാന്റെ താൽക്കാലിക ചുമതല വഹിക്കുന്ന വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബെന്നി മാത്യുവിന്റെ ചുമതലകളും വരണാധികാരി വിശദീകരിച്ചു. കൗൺസിൽ യോഗം കൂടാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരായ സീനിയർ സൂപ്രണ്ട് സതീഷ് ബാബു, ഓഫിസ് ക്ലർക്ക് വിഷ്ണു, നഗരസഭ സെക്രട്ടറി ഇ.ബി. അനിത എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എല്ലാ കൗൺസിൽമാരും പങ്കെടുത്തു. സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തില്ല.
പന്തളം: നഗരസഭയിൽ വ്യാഴാഴ്ച ചേരേണ്ട കൗൺസിൽ യോഗം മാറ്റിവെച്ചു. പതിവ് കൗൺസിൽ യോഗമാണ് വേണ്ടെന്നുവെച്ചത്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ പാർട്ടിയിലെ ആഭ്യന്തര കലഹം കാരണം ചെയർപേഴ്സനും ഡെപ്യൂട്ടി ചെയർപേഴ്സനും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബെന്നി മാത്യുവിനാണ് ചുമതലയെങ്കിലും വ്യാഴാഴ്ച നടത്തേണ്ട കൗൺസിൽ യോഗം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനിടെ ബി.ജെ.പിയുടെ മറ്റൊരു കൗൺസിലർ അച്ചൻകുഞ്ഞ് ജോണിന്റെ വീട്ടിൽ ഒരുവിഭാഗം ബി.ജെ.പി കൗൺസിലർമാർ ബുധനാഴ്ച ദിവസം രഹസ്യ യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.