ഒരിപ്പുറത്ത് നടന്ന കെട്ടുകാഴ്ച
പന്തളം (പത്തനംതിട്ട): തട്ടയിൽ ഒരിപ്പുറത്തമ്മക്കു മുന്നിൽ കരക്കാർ ഒരുക്കിയ കെട്ടുകാഴ്ചകൾ വർണങ്ങളുടെ ഉത്സവമായി. തട്ടയിലെ ഏഴ് കരക്കാർ ചേർന്നാണ് അണിയിച്ചൊരുക്കിയത്. കാർത്തിക ദിനമായ ചൊവ്വാഴ്ച ഗരുഡൻതൂക്കവും തുടർന്ന് നേർച്ചതൂക്കങ്ങളും നടക്കും.
തിങ്കളാഴ്ച വൈകീട്ടാണ് കെട്ടുകാഴ്ചകളൊരുക്കിയത്. കനത്ത മഴയെ വകവെക്കാതെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ കാഴ്ചകാണാൻ ക്ഷേത്രത്തിലെത്തിയിരുന്നു. തട്ടയുടെ കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകൾ മേലേപന്തിയിൽ നിരത്തിക്കഴിഞ്ഞതോടെ ദേവി ജീവതയിലേറി കാഴ്ചകൾ കാണാനെഴുന്നള്ളി.
സേവപ്പന്തലിൽ ഇരുത്തിക്കഴിഞ്ഞതോടെ കെട്ടുകാഴ്ചകൾ തയാറാക്കിയ വിവരം ദേവിയെ അറിയിക്കാനും പ്രദക്ഷിണം വെക്കാനുമായി അനുമതി വാങ്ങാൻ കരക്കാർ ചേർന്ന് കരപറച്ചിൽ ചടങ്ങ് നടത്തി. കരകളുടെ ക്രമമനുസരിച്ച് കാഴ്ചകൾ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു.
ചെറുതും വലുതുമായ വഴിപാട് കെട്ടുകാഴ്ചകളും ക്ഷേത്രത്തിനു മൂന്നുതവണ പ്രദക്ഷിണം വെച്ചു. കാർത്തിക ദിവസമായ ചൊവ്വാഴ്ച രാവിലെ ആറിന് ഗരുഡൻതൂക്കം കഴിഞ്ഞാൽ കെട്ടുകാഴ്ചകൾ വീണ്ടും ക്ഷേത്രത്തിന് ക്രമമനുസരിച്ച് വലംവെക്കും. 11 മുതൽ നേർച്ചതൂക്കങ്ങൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.