എം.സി. റോഡിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പന്തളം: എം.സി. റോഡിൽ കുരമ്പാലയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ആയി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പന്തളം സ്വദേശി സെയ്തു മുഹമ്മദിന്റെ മകൻ മുഹമ്മദ് റിയാസ് (34) ആണ് മരിച്ചത്.

റിയാസിനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പന്തളം സ്വദേശി ഭരത് മോഹൻ(26), മറ്റൊരു ബൈക്ക് യാത്രക്കാരനായ പന്തളം, കുടശ്ശനാട് അമൽ നിവാസിൽ അമൽജിത്ത്(29) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഭരത് മോഹനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമൽജിത്ത് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ റിയാസിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. അടൂർ വടക്കേടത്തുകാവിലെ ടാറ്റാ നെക്സോൺ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട മൂന്നുപേരും. രണ്ട് ബൈക്കുകളിലായി പന്തളത്തുനിന്നു അടൂരിലേക്ക് പോവുകയായിരുന്നു ഇവർ.

എം.സി റോഡിൽ കുരമ്പാല പത്തിരിപ്പടിയിൽ ബുധനാഴ്ച രാവിലെ 8.30 യോടെയായിരുന്നു അപകടം. തിരുവനന്തപുരം എയർപോർട്ടിൽ ഭാര്യയെ യാത്രയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനോജ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദശയിൽ വരികയായിരുന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലിടിക്കുകയായിരുന്നു. കാർ പിന്നിലുണ്ടായിരുന്ന രണ്ടു ബൈക്കുകളിലും ഇടിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. അടൂരിൽ നിന്ന് എത്തിയ അഗ്നി രക്ഷാസേന അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഇൻവെസ്റ്റ് തയ്യാറാക്കി മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മാസ്റ്ററിനു ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചേരിക്കൽ മുസ്‍ലി ജുമാ മസ്ജിദിൽ കബറടക്കം നടക്കും. ഭാര്യ: ശിഫ റിയാസ് മകൾ:അസ്‍വ മറിയം.

Tags:    
News Summary - Man dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.