പന്തളം: നഗരസഭയുടെ കടയ്ക്കാട് വടക്ക് ഭാഗങ്ങളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. പന്തളം നഗരസഭയിലെ ഏഴാം വാർഡിൽ നിരവധി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റു വാർഡിലെ വിവിധ ഭാഗങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
ഇവരിൽ അധികപേരും അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. രോഗലക്ഷണങ്ങളുമായി കൂടുതൽപേർ എത്തുന്നതിനാൽ ഡി.എം.ഒ അനിതകുമാരി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
മേഖലയിലെ പനിബാധിതരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച മൂന്ന് വീടുകളിലായി ഏഴുപേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. നഗരസഭ ടാങ്കർ ലോറിയിലും മറ്റുമായി ജലം എത്തിക്കുന്ന പ്രദേശമാണ്.
പകർച്ചവ്യാധികൾ പിടിപെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത മുന്നറിയിപ്പ് നൽകിവരുകയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കി വൈറസ് പ രത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടുപെരുകുന്നന്നത്. ഇതൊഴിവാക്കാൻ വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കണം.
വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കിൽ ആ കൊതുകിൽനിന്ന് ഡെങ്കിപ്പനി പകരാൻ സാധ്യതയേറെയാണ്. കുടിവെള്ളം ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചുസൂക്ഷിക്കണം. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിലാണ് പ്രധാനമായി കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം പടരുന്നത്.
കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയോ കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. വഴിയോരങ്ങളിൽ തുറന്നുവെച്ച് വിൽക്കുന്ന ഭക്ഷണപാനീയങ്ങൾ പരമാവധി ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.