കേന്ദ്ര സർക്കാർ സഹായത്തോടെ പമ്പാനദി ശുചീകരിക്കും -മന്ത്രി മോൻസ് ജോസഫ്
പത്തനംതിട്ട: കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളും സംസ്ഥാന സർക്കാറിന്റെ വിവിധ ഫണ്ടുകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ പമ്പ ഉൾപ്പെടെയുള്ള എല്ലാ നദികളുടെയും ശുചീകരണം ഒരു പൊതുനയമായി സ്വീകരിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചു. നദികളുടെ ജലസംഭരണ ശേഷിയും ഒഴുക്കും വർധിപ്പിക്കുന്നതിന് ശാസ്ത്രീയമായ മണൽവാരൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നദികളിൽ എക്കലും ചളിയും അടിഞ്ഞുകൂടിക്കിടക്കുന്നത് വെള്ളപ്പൊക്കത്തിനും ജലസംഭരണ ശേഷി കുറയുന്നതിനും കാരണമാകുന്നുണ്ടെന്ന് അബിൻ വർക്കി എം.എൽ.എ ചൂണ്ടിക്കാട്ടി. 2016ൽ ഔദ്യോഗികമായി മണൽവാരൽ നിർത്തിവെച്ചതിനുശേഷം 2018, 2019, 2024, 2026 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ നദികളുടെ അടിത്തട്ടിൽ വൻതോതിൽ എക്കലും ചളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതുമൂലം ആറന്മുള, റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിൽ പെട്ടെന്ന് വെള്ളം കയറുന്ന സാഹചര്യമുണ്ട്.
പമ്പയാറ്റിൽ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ, മാരാമൺ കൺവെൻഷൻ, ആറൻമുള ഉത്രട്ടാതി വള്ളംകളി എന്നിവ തടസ്സമില്ലാതെ നടക്കുന്നതിനും നദിയുടെ വാട്ടർ ക്യാരിങ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനുമായി ശാസ്ത്രീയമായ രീതിയിൽ മണൽ വാരി നീക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.