അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഓമല്ലൂർ ആര്യഭാരതി
സ്കൂളിൽ പൊതുദർശത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സഹപാഠികളും
അധ്യാപകരും നാട്ടുകാരും
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്.
ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ എ.കെ സുഭാഷ് -സ്മിത ദമ്പതികളുടെ മകന് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാം പുറത്ത് വീട്ടില്‍ ബിനോയി തോമസ് -എ.ജി ബിജി ദമ്പതികളുടെ മകന് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച മുള്ളനിക്കാട്ട് അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചത്.
മുള്ളനിക്കാടുള്ള ടര്‍ഫില്‍ കളിച്ച ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അച്ചൻകോവിൽ ആറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനെത്തിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ രണ്ടുപേരാണ് ദുരന്തത്തിന് ഇരയായത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം കൊടുമൺ ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അവർ ഓടിക്കളിച്ചുനടന്ന ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂൾ മുറ്റത്തേക്ക് എത്തിച്ചപ്പോഴേക്കും പരിസരം ജനസഞ്ചയമായി.കൂട്ടുകാരുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ സഹപാഠികളും അധ്യാപകരും മറ്റ് വിദ്യാർഥികളും വിങ്ങിപ്പൊട്ടി.
ഇവിടെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന് പേരെത്തി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരുമെല്ലാം കുട്ടികൾക്ക് ആദരമർപ്പിച്ച് നീങ്ങി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുമെല്ലാം എത്തിയിരുന്നു.
ഒരു മണിക്കൂറോളം പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീടുകളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
വീടുകളിലും സംസ്കാര ചടങ്ങുകൾക്ക് അനേകംപേർ സാക്ഷിയായി. ശ്രീശരണിനെ പകൽ ഒന്നോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.
ഏബലിന്റെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം 2.30ഓടെ ഓമല്ലൂർ ചാലിങ്കര സെന്റ്പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ സംസ്കരിച്ചു.
മുള്ളനിക്കാടിന് സമീപത്തെ കോയിക്കൽ കടവിൽ 20 അടിയോളം താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്ന വിദ്യാർഥികളെ പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവേഴ്സ് നടത്തിയ തിരച്ചിലിൽ അന്ന് ഒരുമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.