മണലിന് ആവശ്യക്കാരില്ല; വനം വകുപ്പ് പദ്ധതി പൊളിഞ്ഞു

പത്തനംതിട്ട: പമ്പയില്‍നിന്ന് വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അരിയ്ക്കകാവ് മാതൃക തടി ഡിപ്പോയിലെത്തിച്ച മണല്‍ വാങ്ങാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആരും എത്താത്തതിനാൽ വനം വകുപ്പിന്‍റെ പദ്ധതി പൊളിഞ്ഞു. വിവിധ വകയിൽ ലക്ഷങ്ങൾ പോയത് മിച്ചം. മണൽ പൂർണമായും ഉപയോഗശൂന്യമായി. തടി ഡിപ്പോയിൽ മണൽ കൂട്ടിയിട്ട ഭാഗം കാടുകയറി. മണൽ കൂനക്ക് മുകളിൽ തകിടി പുല്ല് വളർന്നു മൺപുറ്റായി മാറി. തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ് ഇവിടം.

എന്നാൽ, ഇപ്പോഴും വനം വകുപ്പ് ലേലം വിജ്ഞാപനം ആവർത്തിക്കുന്നുണ്ട്. 2018ലെ മഹാപ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ വന്‍ ധാതുനിക്ഷേപത്തില്‍നിന്ന് 1000 ഘനമീറ്റര്‍ (62 ലോഡ്) മണലാണ് പമ്പ ഉള്‍പ്പെടുന്ന റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഏക തടി ഡിപ്പോയായ അരിയ്ക്കകാവില്‍ വില്‍പനക്കായി എത്തിച്ചത്. 2019 ജൂലൈ 10ന് തിരുവനന്തപുരം സ്വദേശിയായ കരാറുകാരൻ 5.93 ലക്ഷം രൂപക്കാണ് മണല്‍ നീക്കാന്‍ ലേലംകൊണ്ടത്. കിഴക്കു പടിഞ്ഞാറ്‌ ദിശയില്‍ ചരിവുള്ള ഭൂപ്രകൃതിയാണ് അരിയ്ക്കകാവ് ഡിപ്പോയിലേത്. മണല്‍ ഒലിച്ച് പോകാതിരിക്കാന്‍ വടശ്ശേരിക്കര- ചിറ്റാര്‍ റോഡിന് സമാന്തരമായി മണല്‍കൂനക്ക് ചുറ്റുമതില്‍ പണിത വകയില്‍ രണ്ട് ലക്ഷത്തിലേറെ രൂപ വേറെയും വനം വകുപ്പിന് ചെലവായി.

വനവിഭവങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന എം.എസ്.ടി.സി വെബ്‌സൈറ്റ് വഴിയാണ് മണലിനും ടെൻഡര്‍ സമര്‍പ്പിക്കേണ്ടത്. അംഗീകൃത വ്യാപാരികള്‍ അല്ലാത്തവര്‍ 575 രൂപ മുടക്കി ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു ഘന മീറ്റര്‍ മണലിന് 1200 രൂപയാണ് കുറഞ്ഞ തുക. ലേലം കൊള്ളുന്നവർ തുകക്ക് പുറമെ അഞ്ചു ശതമാനം വനം വികസന നികുതിയും (എഫ്.ഡി.ടി) അഞ്ചു ശതമാനം ജി.എസ്.ടിയും ഒരു ശതമാനം പ്രളയ സെസും അടക്കണം ലോഡിങ് കൂലി പുറമെ വരും. ചളിയും ഉരുളന്‍ കല്ലുകളും പ്ലാസ്റ്റിക് കുപ്പികള്‍ അടക്കം പ്രളയത്തില്‍ ഒലിച്ചുവന്നതെല്ലാം മണല്‍ ശേഖരത്തിലുണ്ട്.

ഒരു ഘനമീറ്റര്‍ പാറമണല്‍ ലോഡിങ് കൂലിയടക്കം 1100 രൂപക്ക് കിട്ടുമെന്നതാണ് ആവശ്യക്കാരെ മണല്‍ ലേലത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. 2019 ആഗസ്റ്റ്‌ 27നായിരുന്നു ആദ്യ ലേലത്തിന് വിജ്ഞാപനം. ഒരുമാസം രണ്ട് ലേല തീയതി എന്ന കണക്കില്‍ 40 തവണയിൽ കൂടുതൽ ലേലത്തിന്റെ അറിയിപ്പ് വന്നിട്ടും ഒരാള്‍ പോലും പങ്കെടുത്തില്ല.

Tags:    
News Summary - No need for sand; The forest department plan collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.