പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ പ്രധാന മാർക്കറ്റിന് പുതുരൂപം നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്ന മാർക്കറ്റ് ഇപ്പോൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.മാറിയ കാലത്തിന്റെ ആവശ്യതകൾ കൂടി ഉൾക്കൊണ്ടാണ് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് സമുച്ചയം നിർമിക്കാൻ നഗരസഭ തീരുമാനിച്ചത്.
ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, കോസ്റ്റൽ ഏരിയ ഡെവലപ്മെന്‍റ് കോർപറേഷൻ മാനേജിങ് ഡയറക്ടറും മുൻ എറണാകുളം കലക്ടറുമായ ഷെയ്ഖ് പരീതിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയത്. 43,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണിത് വിഭാവനം ചെയ്യുന്നത്.
വിപണനത്തിനായി 150 ചതുരശ്രയടി വിസ്തീർണമുള്ള കടമുറികളും ചെറുവിപണന ശാലകളും ശുചിമുറികളും മാലിന്യസംസ്കരണ സംവിധാനവും ഉണ്ടാവും. ആദ്യം രണ്ടുനിലകളും രണ്ടാംഘട്ടത്തിൽ മൂന്നാംനിലയും നിർമിക്കണമെന്നാണ് കൗൺസിലിലുണ്ടായ പൊതുധാരണ. ഒന്നാംനില ഓഫിസ് സൗകര്യങ്ങൾക്കായി ഉപയോഗിക്കണം എന്ന നിർദേശവും ഉയർന്നു.
നിലവിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ വളരെക്കുറച്ചുപേർ മാത്രമാണ് മാർക്കറ്റിന്റെ സേവനം ഉപയോഗിക്കുന്നത്. നഗരസഭ ഓഫിസിന് വടക്കുവശത്ത് കൂടെയുള്ള നിലവിലെ വഴി പ്രധാന പ്രവേശന കവാടമാക്കാനാണ് ഉദ്ദേശിക്കുന്നത്.മാർക്കറ്റിൽ പ്രവേശിക്കുന്ന വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് കിഴക്കുവശമുള്ള വഴിയിലൂടെ വൺ വേയായി പുറത്തേക്കുപോകുന്ന രീതിയിലാണ് ക്രമീകരിച്ചത്.
നഗരസഭ ഓഫിസിനും ഇതോടൊപ്പം പാർക്കിങ് സൗകര്യങ്ങളും മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് ആർക്കിടെക്ടായി വിരമിച്ച രാജശേഖരനാണ് മാസ്റ്റർപ്ലാൻ തയാറാക്കിയത്. 15കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.നിർമാണത്തോടെ നഗരത്തിലെ പ്രധാന വ്യാപാര-വിപണ കേന്ദ്രമായി മാർക്കറ്റ് മാറുമെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ചെയർമാന്റെ അഭ്യർഥനയെ തുടർന്ന് സൗജന്യമായാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. കോസ്റ്റൽ ഏരിയ ഡെവലപ്മെന്‍റ് കോർപറേഷൻ എക്സി. എൻജിനീയർ ഐ.ബി. ഷിലു, അസി. എൻജിനീയർമാരായ കെ.ആർ. ഷിബു, മനു ജയസിംഹൻ, ഐശ്വര്യ തുടങ്ങിയവർ മാസ്റ്റർ പ്ലാനിന്റെ വിശദവിവര റിപ്പോർട്ട് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.