ജില്ല സ്റ്റേഡിയത്തിലെ ഓപൺ ജിമ്മിലുണ്ടായ സംഘർഷം
പരിഹരിക്കാനെത്തിയ പത്തനംതിട്ട പൊലീസ് സംഘം
പത്തനംതിട്ട: പ്രഭാത, സായാഹ്ന സവാരിക്കെത്തുന്നവർക്കായി ജില്ല സ്റ്റേഡിയത്തിൽ ഒരുക്കിയ മലയോര റാണി ഓപൺ ജിം ശ്രദ്ധയില്ലായ്മ മൂലം നശിക്കുന്നു. സ്റ്റേഡിയത്തിലെത്തുന്ന ആർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് ഒരാൾക്ക് ഉപയോഗിക്കാവുന്ന ഉപകരണത്തിൽ രണ്ടും മൂന്നും പേരാണ് ഒരുപോലെ കയറുന്നത്. ഇതുകാരണം ഉപകരണങ്ങൾക്ക് വേഗത്തിൽ നാശം സംഭവിക്കുകയാണ്. ഡബിൾ സ്റ്റെപ്പറിൽ രണ്ടുപേർക്ക് പകരം നാലുപേരാണ് നിൽക്കുന്നത്.
കഴിഞ്ഞദിവസം തകരാറിലായ ഡബിൾ സ്റ്റെപ്പർ ആരും ഉപയോഗിക്കരുതെന്ന് സ്പോർട്സ് കൗൺസിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. കയർകൊണ്ട് കെട്ടിയിട്ടുമുണ്ട്. എന്നാൽ, ഇത് ഗൗനിക്കാതെ പലരും വീണ്ടും ഉപയോഗിക്കാനെത്തുന്നുണ്ട്.നോട്ടീസ് പതിച്ചത് വകവെക്കാതെ ഡബിൾ സ്റ്റെപ്പറിൽ കയറിയ ബാലനെ തടഞ്ഞതിന് കുട്ടിയുടെ പിതാവ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാറിനെ അസഭ്യം പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചിരുന്നു.
വിവിധ വ്യായാമങ്ങൾക്കായുള്ള ആറ് ഉപകരണങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജെ.സി.ഐയുടെ വനിത വിങ്ങിന്റെ നേതൃത്വത്തിൽ രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ജില്ല സ്റ്റേഡിയത്തിൽ ജിം ആരംഭിച്ചത്. അശ്രദ്ധമായി പലരും ജിം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.