മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ല കലക്ടര്‍
എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം
പത്തനംതിട്ട: ശബരിമല മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അംഗീകൃതമല്ലാത്ത വ്യൂ പോയന്റുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വ്യൂ പോയന്റുകളിലും അപകട സാധ്യതയുളള വഴികളിലും സുരക്ഷാവേലി സ്ഥാപിക്കും. അപകടകരമായി നില്ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റും.
തിരുവാഭരണ ഘോഷയാത്രക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. പന്തളം ക്ഷേത്രത്തില്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വഴിവിളക്ക്, കുടിവെള്ളം, ബയോ ടോയ്ലറ്റ് തുടങ്ങിയവ ഉറപ്പാക്കും. എക്സൈസ് പരിശോധ ശക്തമാക്കും. മഫ്തിയിലും വനിത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം വിന്യസിക്കും. വലിയാനവട്ടത്ത് നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ വാഹകര്‍ക്ക് തടസം കൂടാതെ കടന്നുപോകുന്നതിന് ക്രമീകരണമുണ്ടാകും. പൊലീസും മോട്ടോര്‍വാഹന വകുപ്പും സംയോജിതമായി ഗതാഗതം നിയന്ത്രിക്കും. വ്യൂ പോയന്റുകളില്‍ ദേവസ്വം ബോര്‍ഡ് അനൗണ്‍സ്മെന്റ് നടത്തി നിര്‍ദേശങ്ങള്‍ നല്‍കും.
വ്യൂ പോയന്റുകളിലും ഘോഷയാത്ര സംഘത്തോടൊപ്പവും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം ഉണ്ടാകും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് കുളനട ആരോഗ്യകേന്ദ്രം വൈകിട്ട് ആറു വരെയും തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളില്‍ ചെറുകോല്‍, കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളും സജ്ജമാക്കും. മകരവിളക്ക് ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. തിരുവാഭരണ പാതയില്‍ എലിഫന്റ് സ്ക്വാഡുകളേയും റാപ്പിഡ് റെസ്പോണ്‍സ് ടീമിനേയും വനം വകുപ്പ് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ കടവുകള്‍ വൃത്തിയാക്കി അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ലൈഫ് ഗാര്‍ഡിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ദിവസം പന്തളത്തേക്കും അധിക സര്‍വീസുകളുണ്ടാകും. മകരദര്‍ശനം കഴിഞ്ഞ് തിരികെ ഇറങ്ങുന്ന തീര്‍ഥാടകര്‍ക്കായി അധിക ദീര്‍ഘദൂര സര്‍വീസും ക്രമീകരിക്കും. ഫയര്‍ഫോഴ്സ് സ്കൂബാ ടീം സജ്ജമാക്കും. മോട്ടര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിങ് തടയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജനുവരി ഏഴിന് വ്യു പോയിന്റുകളില്‍ സംയുക്ത സുരക്ഷ യാത്ര സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്.നായര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.