തുടങ്ങി, തെരഞ്ഞെടുപ്പാരവം; ജില്ലയിൽ വോട്ടെടുപ്പ് ഡിസംബർ ഒമ്പതിന്

പത്തനംതിട്ട: ഇനി ജില്ലക്ക് തെരഞ്ഞെടുപ്പാരവം. 29 ദിനത്തിന്‍റെ കാത്തിരിപ്പിനൊടുവിൽ ജില്ല പോളിങ് ബൂത്തിലെത്തും. ജില്ലയിലെ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിന് നടക്കും. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശപോരിന്‍റെ ആരവത്തിലേക്ക് പത്തനംതിട്ടയും ചുവടുവെച്ചു.

ആദ്യഘട്ടത്തിലാണ് ജില്ലയിൽ തെരഞ്ഞെടുപ്പ്. 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22 ന് ‌പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24. ഡിസംബർ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണലും നടക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ തിരക്കുപിടിച്ച ചർച്ചകളിലേക്ക് കടന്നു. പ്രദേശിക തലങ്ങളിൽ പലയിടത്തും സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. മൂന്ന് മുന്നണികളും ചിലയിടങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. കഴിഞ്ഞതവണ നേടിയ തിളക്കമാർന്ന വിജയത്തിന്‍റെ പിൻബലത്തിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ 34 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ല പഞ്ചായത്തും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്.

കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വന്നത് ജില്ലയിൽ ഇടതുമുന്നണിക്കു നേട്ടമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ്- 23, യു.ഡി.എഫ്-13, എൻ.ഡി.എ- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 16 പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. പിന്നീട് സ്വതന്ത്രരെയും കൂറുമാറിയവരെയും കൂട്ടുപിടിച്ച് കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ അധികാരം ഉറപ്പിക്കാൻ പിന്നീട് എൽ.ഡി.എഫിനായി. യു.ഡി.എഫിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടായ തെരഞ്ഞെടുപ്പായിരുന്നു 2020ലേത്.

നിലവിൽ 17 ഗ്രാമപഞ്ചായത്തുകളിലാണ് ഭരണമുള്ളത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് രണ്ടാഴ്ച മുമ്പ് പ്രസിഡന്‍റ് രാജിവെച്ച് മറുകണ്ടം ചാടി. ഒരു നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനവുമുണ്ട്. ബി.ജെ.പി കഴിഞ്ഞതവണ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും അധികാരത്തിലെത്തിയിരുന്നു. ഇത്തവണ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണത്തിൽ കഴിഞ്ഞതവണത്തേക്കാൾ 57 പേരുടെ വർധനയുണ്ട്. ഇത്തവണ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1099 പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. നഗരസഭയിലെ വോട്ടർമാർക്ക് ഒരു വോട്ട് മാത്രമുള്ളപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്താനുള്ളത്.

വാർഡുകൾ 833

53 ഗ്രാമപഞ്ചായത്തുകളിലായി 833 വാർഡുകളാണുള്ളത്. നേരത്തെ ഇത് 788 ആയിരുന്നു. 45 അംഗങ്ങളുടെ വർധനയുണ്ട്. ഏതാനും പഞ്ചായത്തുകളിലൊഴികെ അംഗങ്ങളുടെ എണ്ണത്തിൽ ശരാശരി ഒരോ വാർഡുകളുടെ വർധനയാണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 114 വാർഡുകളുണ്ട്. നേരത്തെ 106 വാർഡുകളാണുണ്ടായിരുന്നത്. നാല് നഗരസഭകളിലായി 135 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിന് 17 ഡിവിഷനുകളുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 10,54,752 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ രണ്ടുദിവസം കൂടി വോട്ടർപട്ടികയിൽ പേരു ചേർ‌ക്കാൻ അവസരം നൽകിയിരുന്നതിനാൽ എണ്ണത്തിൽ നേരിയ വ്യതിയാനം ഉണ്ടായേക്കാം. 4,86,945 പുരുഷന്‍മാരും 5,67,805 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് നിലവിലെ പട്ടികയിലുള്ളത്. 51 പ്രവാസി വോട്ടര്‍മാരുമുണ്ട്.

ഏറ്റവും കൂടുതൽ വോട്ടർമാർ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ്. 37424 വോട്ടർമാർ പള്ളിക്കലിലുണ്ട്. വോട്ടർമാർ കുറവുള്ളത് തുമ്പമൺ പഞ്ചായത്തിലാണ്. 6733 വോട്ടർമാർ മാത്രമാണ് തുമ്പമണ്ണിലുള്ളത്. നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ തിരുവല്ലയിലാണ്. കുറവ് അടൂരിലും. അടൂര്‍-27317, പത്തനംതിട്ട- 33575, തിരുവല്ല-47818, പന്തളം-35245 എന്നിങ്ങനെയാണ് നഗസഭകളിലെ വോട്ടർമാരുടെ എണ്ണം.

സ്ഥാനാർഥി ചിത്രം വ്യക്​തമാകാതെ പത്തനംതിട്ട നഗരസഭ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ സ്ഥാ​നാ​ർ​ഥി ചി​ത്രം അ​വ്യ​ക്​​തം. എ​ൽ.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും ബി.​​ജെ.​പി​യി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ലേ​ക്ക്​ എ​ത്തി​യി​ട്ടി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്​ ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം നീ​ളാ​ൻ കാ​ര​ണം. ഇ​തി​നി​ടെ, നി​ല​വി​ലെ അം​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മ​ൽ​സ​രി​ക്കു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്​ . ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം സ്​​ത്രീ​സം​വ​ര​ണ​മാ​ണ്.

ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ളു​ടെ ആ​​ലോ​ച​ന​ക​ൾ. ര​ണ്ട്​ ദി​വ​സ​ത്തി​ന​കം ചി​​ത്രം തെ​ളി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 10 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ 2020 ൽ ​എ​ൽ.​ഡി.​എ​ഫ് ന​ഗ​ര​സ​ഭ ഭ​ര​ണം പി​ടി​ക്കു​ന്ന​ത്. 13 വീ​തം അം​ഗ​ങ്ങ​ളു​മാ​യി എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ന​ഗ​ര​സ​ഭ​യി​ൽ തു​ല്യ​നി​ല​യി​ലാ​യി​രു​ന്നു. യു.​ഡി.​എ​ഫ് വി​മ​ത​രാ​യി ജ​യി​ച്ച മൂ​ന്ന്​ സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി. മൂ​ന്ന്​ എ​സ്‍.​ഡി.​പി.​ഐ അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ൻ ചെ​യ​ർ​മാ​നാ​യി. എ​സ്ഡി.​പി.​ഐ​യു​ടെ കൂ​ടി പി​ന്തു​ണ​യി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച ആ​മി​ന ഹൈ​ദ​രാ​ലി ഉ​പാ​ധ്യ​ക്ഷ​യാ​യി. എ​ൽ.​ഡി.​എ​ഫു​മാ​യു​ള്ള ര​ഹ​സ്യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് എ​സ്ഡി.​പി.​ഐ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു.

നിലവിലെ കക്ഷി നില:

കോൺഗ്രസ് -13, സി. പി. എം -10,

സി. പി.ഐ -1, കേരള കോൺഗ്രസ്

മാണി -2, സ്വതന്ത്രർ -3, എസ്.ഡി.പി.ഐ -3 എന്നിങ്ങനെയാണ്.

ഇത്തവണ ഒരു വാർഡുകൂടി വർധിച്ചിട്ടുണ്ട്.ഇതോടെ ആകെ വാർഡുകൾ എണ്ണം 33 ആയി. 33,571 വോട്ടർമാരാണുള്ളത്.

35 തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷപദം വനിതകൾക്ക്

പത്തനംതിട്ട: ജില്ല പഞ്ചായത്തടക്കം 35 തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷപദം വനിതകൾക്ക്. ജില്ലയിലെ നാല് നഗരസഭകളിലും അടുത്ത തെരഞ്ഞെടുപ്പിനുശേഷം വനിതകൾക്കായിരിക്കും ഭരണ നേതൃത്വം. നിലവിൽ ജനറൽ പട്ടികയിലായിരുന്ന അടൂർ, പത്തനംതിട്ട, പന്തളം നഗരസഭകളുടെ അധ്യക്ഷ സ്ഥാനം വനിതാ സംവരണമായപ്പോൾ നിലവിൽ വനിതാ സംവരണമായിരുന്ന തിരുവല്ല നഗരസഭയുടെ അധ്യക്ഷ സ്ഥാനം പട്ടികജാതി വനിതക്കും സംവരണം ചെയ്തു. ഇതാദ്യമായിട്ടാണ് നാല് നഗരസഭകളിലും വനിതകൾ അധ്യക്ഷരായി വരുന്നത്.

മല്ലപ്പള്ളി, റാന്നി, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനം ഇക്കുറി വനിതകൾക്കാകും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വനിതയും അധ്യക്ഷ സ്ഥാനത്തെത്തും. ജില്ലയിലെ 27 ഗ്രാമപഞ്ചായത്തുകളിൽ വനിതകളും തെരഞ്ഞെടുപ്പിനുശേഷം അധ്യക്ഷ സ്ഥാനത്തെത്തും. വടശേരിക്കര, അരുവാപ്പുലം, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ പട്ടികജാതി വനിത അധ്യക്ഷയാകും.

ജില്ലയിൽ 1,224 പോളിങ്​ സ്റ്റേഷനുകൾ

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുങ്ങുക 1224 പോളിങ് സ്റ്റേഷനുകൾ. ഗ്രാമപഞ്ചായത്തുകൾ- 1087, നഗരസഭകൾ-137 എന്നിങ്ങനെയാകും പോളിങ് സ്റ്റേഷനുകൾ ഒരുക്കുക. കഴിഞ്ഞ തദ്ദേശപ്പോരിൽ 1459 ബുത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്.

വോട്ടിങ് യന്ത്രങ്ങൾക്കായി ജില്ലയിൽ 6187 ബാലറ്റ് യൂനിറ്റും 2180 കൺട്രോൾ യൂനിറ്റും ഒരുക്കിയിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ പഞ്ചായത്തിലെ ചെങ്ങറ വാർഡിലുമുള്ള ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബാലറ്റിൽ തമിഴ് ഭാഷയിൽ വിവരങ്ങൾ ഉൾപ്പെടുത്തും.

Tags:    
News Summary - local body election in pathanamthitta on the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.