കഞ്ചാവുമായി ബംഗാൾ സ്വദേശി ജാഹിദുൾ ഇസ്ലാമിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
രണ്ടേകാൽ കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
കോട്ടയം: വിൽപനക്കായി കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി ജാഹിദുൾ ഇസ്ലാം (22) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ഡിവൈ.എസ്.പിയുടെ തൂഫാൻ ടീമും അടങ്ങുന്ന സംഘമാണ് പ്രതിയെയും കഞ്ചാവും കണ്ടെത്തി പിടികൂടിയത്.
സെപ്റ്റംബർ 23ന് പുലർച്ച കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുമായി കണ്ട യുവാവിനെ പൊലീസ് പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. മഴക്കാലത്ത് മോഷണവും മോഷണശ്രമങ്ങളും തടയുന്നതിനായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രതിക്കെതിരെ നേരത്തെയും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് നിയമപ്രകാരം നാല് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഈരാറ്റുപേട്ടയിൽ താമസിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽപന നടത്തിയിരുന്ന പ്രതി ഈരാറ്റുപേട്ടയിൽ നാലു തവണയോളം പിടിക്കപ്പെടുകയും കേസിൽ പ്രതിയാവുകയും ചെയ്തപ്പോൾ പൊലീസ് നിരീക്ഷണത്തിൽനിന്നും മാറാനായി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു. ടൈൽ പണിയാണ് തൊഴിൽ എന്ന് പൊലീസിനോട് പറയുമ്പോഴും ഇയാൾ കൃത്യമായ ഇടവേളകളിൽ നാട്ടിൽ പോവുകയും തിരികെ വരുമ്പോൾ വലിയ അളവിൽ ലഹരിവസ്തുക്കൾ കൊണ്ടുവന്ന് കച്ചവടം നടത്തുകയുമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ കൃത്യമായി നിരീക്ഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.