ശബരിമല പാതകളിലെ സുരക്ഷ വിലയിരുത്താൻ ജില്ല പൊലീസ് മേധാവി കെ.എം. സാബുവിന്റെ നേതൃത്വത്തിൽ അപകടസാധ്യത മേഖലകളിൽ പരിശോധന നടത്തുന്നു
ശബരിമല പാതകളിലെ സുരക്ഷ അപകടസാധ്യത മേഖലകളിൽ പരിശോധന
എരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല പാതകളിലെ സുരക്ഷ വിലയിരുത്താൻ ജില്ല പൊലീസ് മേധാവി കെ.എം. സാബുവിന്റെ നേതൃത്വത്തിൽ അപകടസാധ്യത മേഖലകളിൽ പരിശോധന നടത്തി. എരുമേലി, കണ്ണിമല, എരുത്വാപ്പുഴ, കണമല, കാളകെട്ടി, അഴുതക്കടവ് എന്നിവിടങ്ങൾ സന്ദർശിച്ചു.
അപകട സാധ്യത മേഖലയായ കണമല ഇറക്കത്തിലെ അട്ടിവളവിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് കല്ലും മണ്ണും റോഡിലേക്ക് വീണുകിടക്കുന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും കത്ത് നൽകി. മുണ്ടക്കയം റോഡിലെ കണ്ണിമല മഠംപടി വളവിൽ സുരക്ഷക്കായി റിഫ്ലക്ടിങ് ബോർഡുകളും ബ്ലിങ്കിങ് ലൈറ്റുകളും ക്രമീകരിക്കാനും നിർദേശിച്ചു.
ശബരിമലയിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ ഇവ പാർക്ക് ചെയ്യാനായി എരുമേലിയിലെ വിവിധ പാർക്കിങ് മൈതാനങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി. ഏറ്റുമാനൂർ, തിരുനക്കര, വൈക്കം, കടപ്പാട്ടൂർ തുടങ്ങി ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ ഇവിടങ്ങളിലെ സർക്കിൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകി. സമാന്തരപാതകളും പരിശോധിച്ചു. ഡിവൈ.എസ്.പി റിജോ പി. ജോസഫ്, എരുമേലി സി.ഐ എം.ആർ. സുരേഷ്, എസ്.ഐ ശാന്തി കെ. ബാബു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.