കോന്നി: ഒരു പാലം പണി എത്രമാത്രം പ്രതിസന്ധിയിലാക്കാമെന്നതിന്റെ, അനാസ്ഥയുടെ ഉത്തമോദാഹരണമായി ചൂണ്ടിക്കാട്ടാം പൂർത്തിയാകാത്ത അരുവാപ്പുലം - ഐരവൺ കരകളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം കണ്ടാൽ. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാതെ വന്നതോടെ പാലം നിർമാണം പ്രതിസന്ധിയിലായിട്ടും പ്രത്യേകിച്ച് നടപടികളോ നീക്കങ്ങളോ കാണാനേയില്ല. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അരുവാപ്പുലം ഐരവൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
18 മാസമായിരുന്നു പാലത്തിന്റെ നിർമാണ കാലാവധി. എന്നാൽ ഏഴുമാസം മാത്രമാണ് പാലം നിർമാണം വേഗതയിൽ നടന്നത്. കരാറുകാരന് പണം ലഭിക്കാതെ വന്നതും ഭൂമിയേറ്റെടുപ്പ് നടപടികൾ പൂർത്തിയാകാത്തതും നിർമാണ പ്രവർത്തങ്ങൾക്ക് തടസ്സമായി. മൂന്ന് കോടിയോളം രൂപയാണ് നിർമാണം ഏറ്റെടുത്ത കരാറുകാരന് ലഭിക്കാനുള്ളത്. അപ്രോച്ച് റോഡ് നിർമിക്കുന്നതിനായി അരുവാപ്പുലം, ആറ്റുവശം ഭാഗങ്ങളിൽ സ്വകാര്യ ഭൂമി ഉടമകൾക്ക് നാല് വർഷം മുമ്പ് അഡ്വാൻസ് തുക നൽകിയെങ്കിലും ബാക്കി തുക കൂടി നൽകി ഭൂമിയേറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കാൻ കഴിയാതെ വന്നതോടെ പാലം നിർമാണവും തടസ്സപ്പെട്ടു.
നിലവിൽ പാലത്തിന്റെ അരുവാപ്പുലം കരയിലെ തൂണുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ തൂണുകളും പൂർത്തിയായിട്ടുണ്ട്. പാലത്തിന് ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ആകെ 11 മീറ്റർ വീതിയുമാണുള്ളത്.
പാലത്തിന് നദിക്ക് കുറുകെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി ആറ് ലാൻഡ് സ്പാനുമാണുള്ളത്. ഇവയിൽ ഒരു ലാൻഡ് സ്പാൻ ഐരവൺ ഭാഗത്തും അഞ്ചെണ്ണം അരുവാപ്പുലം ഭാഗത്തുമാണുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി. സി. ഉപരിതല നിർമാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാൽ കരാറുകാരന് ലഭിക്കാനുള്ള തുക ലഭിക്കാതെയും അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കാതെയും വന്നതോടെ പാലം നിർമാണം പൂർണമായി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതെല്ലാം മറികടന്ന് ഏതുകാലത്ത് പണി പൂർത്തിയാകുമെന്ന ആശങ്ക നാട്ടുകാർക്ക് മാത്രമാണുള്ളത് എന്നതാണ് കൗതുകകരമായ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.