പത്തനംതിട്ട: ഓണം കളറാക്കാൻ കുടുംബശ്രീയും. വിവിധ ഓണവിഭവങ്ങൾക്കൊപ്പം സദ്യയും വീട്ടുമുറ്റത്ത് എത്തിക്കാനാണ് കുടുംബശ്രീ ഒരുങ്ങുന്നത്. 26 വിഭവങ്ങൾ അടങ്ങിയതാകും ഓണസദ്യ. ജില്ലയിൽ എവിടെനിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഇതിനു കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ എട്ട് ബ്ലോക്കുകൾ കേന്ദ്രീകരിച്ചു രണ്ടു കോൾ സെൻറർ പ്രവർത്തിക്കും. കോൾ സെൻറർ മുഖേനയാണ് ഓർഡർ സ്വീകരിക്കുക.
കുടുംബശ്രീ അംഗങ്ങൾ ഇത് വീടുകളിൽ എത്തിച്ചുനൽകും. മൈക്രോ എന്റർപ്രൈസ് കൺസൾട്ടൻസി (എം.ഇ.സി) മേൽനോട്ടം വഹിക്കും. പഴം, ഉപ്പേരി, ശർക്കരവരട്ടി, ഇഞ്ചിക്കറി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, പച്ചടി കിച്ചടി, തോരൻ, അവിയൽ, പപ്പടം, മുളകുകറി, ഉള്ളിത്തീയൽ, എരിശ്ശേരി, പരിപ്പ്, സാമ്പാർ, കാളൻ, സംഭാരം, അടപ്രഥമൻ, പാലട പായസം ചോറ്, വാഴയില എന്നിവ ഉൾപ്പെടുന്ന സദ്യക്ക് 280 രൂപയാണ് നിരക്ക്. ബുധനാഴ്ചമുതൽ ഓർഡർ സ്വീകരിച്ചു തുടങ്ങും.
സദ്യ നൽകേണ്ട ദിവസത്തിന് മൂന്നുദിവസം മുമ്പ് ബുക്ക് ചെയ്യണം. ഹോട്ടലുകളുമായി താരതമ്യം ചെയ്താൽ കുറഞ്ഞ നിരക്കാണെന്നും ഓണദിവസങ്ങളിലെല്ലാം സദ്യ ലഭ്യമാകുമെന്നും കുടുംബശ്രീ അറിയിച്ചു. ബുക്ക് ചെയ്യാൻ 9562247585 എന്ന നമ്പറിൽ ബന്ധപ്പെടാം.
കുടുംബശ്രീ മിഷന്റെ ഓൺലൈൻ ആപ്പായ പോക്കറ്റ് മാർട്ടിലൂടെ ഉപ്പേരി, ശർക്കര വരട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവ ലഭിക്കും. കുടുംബശ്രീ പ്രവർത്തകരുടെ ഉൽപന്നങ്ങളാണ് പോക്കറ്റ് മാർട്ടിലൂള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.