പത്തനംതിട്ട: കുടുംബശ്രീയുടെ ഓണരുചി ഏറ്റെടുത്ത് ജില്ല. തിരുവോണത്തിന് കുടുംബശ്രീ സദ്യ വിളമ്പിയത് 367പേർക്ക്. ഇതിനൊപ്പം മറ്റ് ദിവസങ്ങളിലായി 827 പേർക്കും ഓണസദ്യ സമ്മാനിച്ചു. ആഗസ്റ്റ് 28 മുതലാണ് സദ്യ എത്തിച്ചുതുടങ്ങിയത്. തിരുവോണദിവസം വരെയായിരുന്നു സദ്യ നൽകാൻ പദ്ധതി. നിരവധിപേർ വീണ്ടും ബന്ധപ്പെട്ടതോടെ ശനിയാഴ്ചയും ബുക്കിങ് സ്വീകരിച്ചു. സദ്യ രണ്ട് ദിവസംകൂടി നീട്ടുകയും ചെയ്തു. ശനിയാഴ്ച 30പേർക്ക് സദ്യ നൽകി. ഞായറാഴ്ച 40ഓളം പേരുടെ വീട്ടിൽ എത്തിക്കും. തിരുവോണത്തിന് മുഴുവൻ ഓർഡറുകളും വീടുകളിൽനിന്നായിരുന്നുവെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. മറ്റ് ദിവസങ്ങളിൽ ഓഫിസുകൾ, സ്കൂളുകൾ, ബാങ്കുകൾ തുടങ്ങി സ്ഥാപനങ്ങളുടെ ഓർഡറും ലഭിച്ചു.
പത്തനംതിട്ട ടൗണിലായിരുന്നു ഏറ്റവും കൂടുതൽപേർ സദ്യ വാങ്ങിയത്. പന്തളം, തിരുവല്ല, അടൂർ എന്നിവിടങ്ങളിൽനിന്നും കാര്യമായി ഓർഡറുകൾ ലഭിച്ചതായി ഇവർ പറഞ്ഞു. രണ്ട് ലക്ഷത്തിലധികം രൂപയാണ് വിവിധ കുടുംബശ്രീ യൂനിറ്റുകൾക്ക് ഇതിലൂടെ ലഭിച്ചത്. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വലിയ തോതിൽ എറ്റെടുത്ത സാഹചര്യത്തിൽ അടുത്തവർഷം വിപുലമായി നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. 500ൽ അധികമുള്ള ഓർഡറുകളിൽ ഒരുസദ്യക്ക് 180 രൂപയും, 250 മുതൽ 500 വരെയുള്ളവക്ക് 200 രൂപയും 100 മുതൽ 250 വരെയുള്ളവക്ക് 230 രൂപയും 100 വരെയുള്ള ഓർഡറുകൾക്ക് 280 രൂപയുമായിരുന്നു നിരക്ക്. ഇതിൽ 18 വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.
തിരുവോണ ദിവസത്തെ സദ്യയിൽ 23 വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഏട്ട് ബ്ലോക്കുകളിലായി 22 കാറ്ററിങ് യൂനിറ്റുകളാണ് പ്രവർത്തിച്ചത്. ബുക്കിങ് നടത്തിയ വീടുകൾക്ക് എറ്റവും അടുത്തുള്ള യൂനിറ്റാണ് സദ്യ എത്തിച്ച് നൽകിയത്. യൂനിറ്റിന് അഞ്ച് കിലോമീറ്ററിന് ഉള്ളിലാണ് ഓർഡർ എങ്കിൽ ഫ്രീ ഡെലിവറിയായിരുന്നു. അതിൽ കൂടുതൽ ദൂരത്തിന് ഡെലിവറി ചാർജ് ഈടാക്കി. തിരുവോണ ദിവസം വീടുകളിൽ ഡെലിവറി ഉണ്ടായിരുന്നില്ല. പകരം ജില്ലയിൽ അടൂർ, തിരുവല്ല, പത്തനംതിട്ട , പന്തളം എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന കളക്ഷൻ സെൻററുകൾ മുഖേന പാഴ്സൽ സദ്യ കൈപ്പറ്റുകയായിരുന്നു. എന്നാൽ, പ്രായമായവർക്ക് വീടുകളിൽ എത്തിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.