പിടിയിലായ പ്രതികൾ
കോന്നി: മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനിടെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശികളെ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ആറു ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തമിഴ്നാട് പൊള്ളാച്ചി ഡോർ നമ്പർ 75 ഏഴിമലയിൽ ജൂലി (53), ചെങ്കൽ ചൂള ഒഴിക്കാൻ പാറയിൽ പ്രിയ എസ് ജേക്കമ്മ (43) എന്നിവരാണു പിടിയിലായത്. പ്രധാന പ്രതിയായ രതിയെ തിരുവനന്തപുരം വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. തോന്ന്യാമല സ്വദേശി സുധയുടെ നാലര പവൻ മാലയാണ് പ്രതികൾ കവർന്നത്. ജൂൺ ഒന്നിന് രാവിലെ തിരക്കുള്ള സമയത്താണ് മോഷണം നടന്നത്. എന്നാൽ വീട്ടമ്മ ഏറെ വൈകിയാണ് മോഷണ വിവരം അറിയുന്നത്.
ക്ഷേത്രത്തിലെ 32 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ യാത്ര വിവരം പൊലീസ് ശേഖരിച്ചു. മോഷണ ശേഷം ക്ഷേത്രത്തിൽനിന്ന് പുറത്തുകടന്ന പ്രതികൾ പത്തനംതിട്ട കണ്ണങ്കരയിൽ എത്തി സമീപത്തെ ബാർ ഹോട്ടലിന്റെ ഭാഗത്തേക്ക് പോയി. അതുവഴി വന്ന ബസിൽ കയറി യാത്ര തുടർന്നു. തമിഴ്നാട് സ്വദേശികൾ ആണെന്ന സംശയം ബലപ്പെട്ടതോടെ ചിത്രങ്ങൾ തമിഴ്നാട് ക്യു ബ്രാഞ്ചിന് അയച്ചു.
മൊബൈൽ നമ്പറുകൾ ലഭ്യമായതോടെ ലോക്കേഷൻ വിവരങ്ങൾ മലയാലപ്പുഴ പോലീസ് ശേഖരിച്ചു. സി.സി.ടി.വി കാമറകളിൽ മുഖം പതിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചിരുന്നു. മോഷണ മുതൽ വിറ്റഴിക്കുന്നതിനും നിയമ സഹായത്തിനും ഇവർക്ക് പ്രത്യേക സംവിധാനം ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃശൂർ ജില്ലയിൽ മാത്രം ഇവർക്കെതിരെ 14 കേസും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ട്. ആറ്റുകാൽ പൊങ്കാല ദിവസം വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായ മോഷണത്തിലാണ് രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.