കോന്നി ഇക്കോ ടൂറിസം കേന്ദ്രം
കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന അറുപതോളം ദിവസ വേതന ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിൽ. കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂൺ വീണ് നാലു വയസ്സുകാരൻ മരിച്ചതിനെതുടർന്നാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്.
ശുചീകരണ തൊഴിലാളികൾ അടക്കം അറുപതോളം തൊഴിലാളികൾ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. കാന്റീൻ, വന ശ്രീ കഫെ, മ്യൂസിയം, ത്രീ ഡി തിയറ്റർ ഉൾപ്പെടെ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് പകുതി ശമ്പളമെങ്കിലും ലഭിക്കുമെന്നിരിക്കെ താൽക്കാലിക ജീവനക്കാരായ ഇവർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആനകളുടെ പരിപാലന ചുമതലയുള്ളതിനാൽ പാപ്പാന്മാർക്ക് മാത്രമാണ് ജോലി നഷ്ടപ്പെടാതെ ഇരിക്കുന്നത്. തുച്ഛ വേതനത്തിൽ ജോലി ചെയ്യുന്ന ഇവിടുത്തെ താൽക്കാലിക ജീവനക്കാർ ഓരോ മാസവും ബുദ്ധിമുട്ടിയാണ് കഴിഞ്ഞുപോകുന്നത്. എന്നാൽ, കേന്ദ്രം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട് ഇവർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദിവസവും നൂറുകണക്കിന് ആളുകൾ വന്നുപോയിരുന്ന സ്ഥലം ഇപ്പോൾ ആരും വരാത്ത അവസ്ഥയിലുമായി. അവധി ദിനങ്ങളിൽ വനം വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട സമയത്താണ് ആനക്കൂടും പരിസരവും പൂട്ടലിലേക്ക് പോയത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ശാസ്ത്രീയ പരിശോധന വേണം: വനം മന്ത്രിക്ക് നിവേദനം നൽകി
കോന്നി: കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വനം മന്ത്രിക്ക് നിവേദനം നൽകി.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ദിവസങ്ങൾക്ക് മുമ്പ് നാലുവയസുകാരൻ കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് മരിക്കാൻ ഇടയായതിന്റെ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. കേരളത്തിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതും നിരവധി ആളുകൾ വന്നുപോകുന്നതും ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്നതുമായ കോന്നി ഇക്കോ ടൂറിസം കേന്ദ്രം മതിയായ സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടി കാട്ടുന്നു. ഇത്രയും ദാരുണ സംഭവം നടന്നിട്ടും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയോ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. ഈ വിഷയങ്ങളിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.